സ്കൂൾ ലൈഫ് പശ്ചാത്തലമാക്കി തണ്ണീർ മത്തൻ ദിനങ്ങൾ എന്നൊരു രസകരമായ എന്റെർറ്റൈനെർ നമ്മുക്ക് സമ്മാനിച്ച് കൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഗിരീഷ് എ ഡി. ഇപ്പോഴിതാ അദ്ദേഹം തന്നെ രചിച്ചു സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ സൂപ്പർ ശരണ്യ പ്രേക്ഷകരുടെ മുന്നിലെത്തി. ഗിരീഷ്, ഷെബിൻ ബക്കർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ അനശ്വര രാജനാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം അർജുൻ അശോകൻ, മമിതാ ബൈജു, വിനീത് വിശ്വം എന്നിവരും പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവ ഹിറ്റായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷ ഈ ചിത്രം പ്രേക്ഷകരിൽ സൃഷ്ടിച്ചിരുന്നു.
പാലക്കാട്ടുകാരിയായ ശരണ്യ എന്ന പെൺകുട്ടി തൃശൂരിലെ ഒരു കോളേജിൽ പഠിക്കാൻ എത്തുന്നതും അവിടെ വെച്ച് അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. തൃശൂർ പഠിക്കുന്ന ശരണ്യ ഒരു പ്രത്യേക സാഹചര്യത്തിൽ കൊച്ചീക്കാരനായ ദീപുവുമായി പ്രണയത്തിലാവുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. പിന്നീട് അവളുടെ കോളേജിലും സൗഹൃദത്തിലും പ്രണയത്തിലുമെല്ലാം സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നത്. ശരണ്യയായി അനശ്വര രാജൻ അഭിനയിക്കുമ്പോൾ ദീപുവായി അർജുൻ അശോകനാണ് എത്തുന്നത്. ശരണ്യയുടെ അടുത്ത കൂട്ടുകാരിയായ സോനയായി മമിതാ ബൈജുവും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
അള്ളു രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായി അരങ്ങേറ്റം കുറിച്ച ഗിരീഷ് എ ഡി സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ തന്റെ ആദ്യ സംരംഭത്തിൽ വളരെ രസകരമായ ഒരു ചിത്രമായിരുന്നു നമ്മുടെ മുന്നിൽ എത്തിച്ചത്. എന്നാൽ തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് എത്തിയപ്പോൾ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എങ്കിലും പൂർണ്ണമായും സംതൃപ്തിപ്പെടുത്താൻ ഗിരീഷിന് കഴിഞ്ഞോ എന്ന് സംശയിക്കേണ്ടി വരും. കാരണം, സൂപ്പർ ശരണ്യ ഒരു തരക്കേടില്ലാത്ത വിനോദ ചിത്രം എന്നതിൽ കവിഞ്ഞു കൂടുതൽ രസമോ തമാശയോ പ്രണയത്തിന്റെ പോലും വലിയ ഫീലോ പ്രേക്ഷകന് നൽകുന്നില്ല എന്നതാണ് സത്യം. പക്ഷെ ആദ്യാവസാനം ചിത്രം ബോറടിയില്ലാതെ കാണുകയും ചെയ്യാം.
കോളേജ് ലൈഫിലെ സൗഹൃദവും തമാശയും ആകാംഷയും പ്രണയവും എല്ലാം ചേർന്ന ഒരു കമ്പ്ലീറ്റ് പാക്കേജ് ആണ് ഗിരീഷ് പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കാൻ ശ്രമിച്ചത്. കഥാസന്ദർഭങ്ങളിൽ കൊണ്ട് വന്ന പുതുമയും സംഭാഷണങ്ങളിൽ കൊണ്ട് വന്ന സ്വാഭാവികതയും ചിത്രത്തിന്റെ കഥയേയും കഥാപാത്രങ്ങളെയും പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനു ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തെ ഏറെ സഹായിച്ചു. പക്ഷെ വളരെ ചെറിയ ഒരു കഥ പറഞ്ഞു തീർക്കാൻ രണ്ടേമുക്കാൽ മണിക്കൂറോളം എടുത്തപ്പോൾ ചിത്രം അല്പം ഇഴഞ്ഞതും ഒരുപാട് വലിച്ചു നീട്ടുന്ന ഫീൽ പ്രേക്ഷകന് ഉണ്ടായതും ചിത്രത്തെ കുറച്ചൊന്നു പുറകോട്ടടിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അമിത പ്രതീക്ഷകളുടെ ഭാരം ചുമക്കാതെ പോയാൽ ഈ ചിത്രം യുവ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒന്ന് തന്നെയാണ്.
ശരണ്യയായി അനശ്വര രാജൻ മികച്ച പ്രകടനമാണ് നൽകിയത്. ഈ നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി ഇതിനെ കണക്കാക്കാം. ദീപുവായി എത്തിയ അർജുൻ അശോകനും ശ്രദ്ധ നേടുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് മമിതാ ബൈജു ചെയ്ത സോന, വിനീത് വിശ്വം ചെയ്ത അരുൺ സർ, വിനീത് വാസുദേവൻ ചെയ്ത അജിത് മേനോൻ എന്നീ കഥാപാത്രങ്ങളാണ്. അതുപോലെ നസ്ലെൻ അവതരിപ്പിച്ച സംഗീത് എന്ന കഥാപാത്രവും സജിൻ ചേർക്കയിൽ, സനൽ ശിവരാജ്, വരുൺ ധാര, മണികണ്ഠൻ പട്ടാമ്പി, ബിന്ദു പണിക്കർ എന്നിവർ ചെയ്ത വേഷങ്ങളും ശ്രദ്ധ നേടുന്നുണ്ട്. കോളേജ് ലൈഫിന്റെ ഫീൽ നൽകുന്ന ദൃശ്യങ്ങൾ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയത് സജിത്ത് പുരുഷൻ ആണ്. ആ ഒരു കാലഘട്ടം പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ ഈ ദൃശ്യങ്ങൾക്ക് സാധിച്ചു. ജസ്റ്റിൻ വര്ഗീസ് ഒരുക്കിയ സംഗീതം ശരാശരി നിലവാരം പുലർത്തിയപ്പോൾ, ആകാശ് ജോസഫ് വർഗീസ് ചിത്രത്തിന്റെ മൂഡ് അറിഞ്ഞു ചിത്രം എഡിറ്റ് ചെയ്തെന്നു പറയാം. ചുരുക്കി പറഞ്ഞാൽ, ഒരു തവണ കണ്ടിരിക്കാവുന്ന ഒരു എന്റെർറ്റൈനെറാണ് സൂപ്പർ ശരണ്യ. സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്കും യുവ പ്രേക്ഷകർക്കും ഈ ചിത്രം കൂടുതൽ ആസ്വദിക്കാൻ പറ്റിയേക്കും.