ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും ട്രോളുകളും നിറയുകയാണ്. വാര്‍ത്ത കേട്ട് നിരാശയിലായ വ്ലോഗര്‍ സഹോദരങ്ങളുടെ ആരാധകര്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ക്ക് സുരേഷ് ഗോപി നല്കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
എറണാകുളം പെരുമ്പാവൂര്‍ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയ യുവാക്കളാണ് ഇ ബുള്‍ജെറ്റ് വിഷയത്തില്‍ ഇടപെടണമെന്ന് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടത്. എന്താണ് വിഷയമെന്ന് ചോദിക്കുമ്പോള്‍ വണ്ടി മോഡിഫൈ ചെയ്ത പ്രശ്നമാണെന്ന് യുവാക്കള്‍ മറുപടി നല്കുന്നു. കേരളത്തിലെ പ്രശ്നമല്ലേ മുഖ്യമന്ത്രിയെ വിളിക്കൂ, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്ട്ട്മെന്റിന്റേ കീഴിലാണ് ഇതെന്നും അദ്ദേഹം വിശദീകരിക്കുന്നു. സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന് വീണ്ടും ചോദിച്ച യുവാക്കളോട് ഇതില്‍ ഇടപെടാന്‍ പറ്റില്ലെന്നും ഞാന്‍ ചാണകമല്ലേ, ചാണകം എന്നു കേട്ടാലേ അലര്‍ജി അല്ലേ എന്നുമാണ് അദ്ദേഹം പറയുന്നത്. ഈ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
അതേസമയം ആര്.ടി.ഒ ഓഫീസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട വ്ലോഗര്‍ സഹോദരങ്ങളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്. കണ്ണൂര്‍ ആര്.ടി.ഒ ഓഫീസില്‍ അതിക്രമിച്ച് കയറുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ എബിന്, ലിബിന് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തത്. ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്പ്യൂട്ടര്‍ മോണിറ്റര്‍ തകര്‍ന്ന സംഭവത്തില്‍ പണം അടക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കൊപ്പം യൂട്യൂബ് ചാനലിലെ ഇവരുടെ ആരാധകരും ആര്‍ടിഒ ഓഫീസിലെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. ഉദ്യോഗസ്ഥരും വ്ലോഗര്‍മാരും തമ്മിലുള്ള വാഗ്വാദമുണ്ടായി. പിന്നീടാണ് കണ്ണൂര്‍ ടൗണ്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തങ്ങള്‍ക്കെതിരെ ആസൂത്രിത നീക്കമുണ്ടെന്നും വാന്‍ ലൈഫ് വീഡിയോ ഇനി ചെയ്യാനില്ലെന്നും ഇ ബുള്‍ ജെറ്റ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.