കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്ക്ക് സഹായവുമായി നടനും എംപിയുമായ സുരേഷ് ഗോപി. കൊവിഡ് രൂക്ഷമായതോടെ സീസണുകളില്‍ ലഭിച്ചിരുന്ന പരിപാടികള്‍ ഇല്ലാതാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ ദുരിതത്തിലാണ് പലതാരങ്ങളും. കൊവിഡ് കാലത്ത് കഷ്ടപ്പെടുന്ന മിമിക്രി താരങ്ങള്‍ക്ക് മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’യും സഹായം പദ്ധതിയുമായി വന്നിരുന്നു.
സഹായധനം രൂപീകരിക്കാനായി ഏഷ്യാനെറ്റ് ചാനലുമായി ചേര്‍ന്ന് മാ മാമാങ്കം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. സിനിമാ മിമിക്രി താരങ്ങള്‍ക്കൊപ്പം നടന് സുരേഷ് ഗോപിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മാ സംഘടനയുടെ പുതിയ രക്ഷാധികാരികളില്‍ ഒരാളായി സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനവും താരം നടത്തിയിരിക്കുകയാണ്. മാ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലഭിക്കുന്ന പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം മാ സംഘടനയ്ക്ക് നല്‍കുമെന്ന് താരം പറഞ്ഞു.
‘വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ട് ലക്ഷം രൂപ ദാനമല്ല, ലെവിയായി തരും. ഇത് ഉറപ്പിച്ച കാര്യമാണ്’ എന്നായിരുന്നു സുരേഷ് ഗോപി പ്രഖ്യാപിച്ചത്.