ഒരു ഇടവേളയ്ക്ക് ശേഷമാണ് നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒരുമിക്കുന്നത്. അതുകൊണ്ടു തന്നെ സിനിമാപ്രേമികൾ ഈ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വിശേഷങ്ങളും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. സലാം കശ്മീരിനു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രത്തിൽ എബ്രഹാം മാത്യൂസ് മാത്തൻ എന്ന ഐ പി എസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി എത്തുന്നത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രയിലർ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രം ഉടൻ തന്നെ തിയറ്ററിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മാസ് ഡയലോഗുകൾ കൊണ്ടും രംഗങ്ങൾ കൊണ്ടും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് ട്രയിലർ. ‘പോലീസ് വേഷം ഇട്ടു സുരേഷ് ചേട്ടനെ കാണാൻ തന്നെ ഒരു അഴകാണ്. കൊമ്പന് നെറ്റിപ്പട്ടം കിട്ടിയപോലെ ഉള്ള തലയിടിപ്പ്. അടുത്ത് വരാൻ ഇരിക്കുന്ന ഒറ്റക്കൊമ്പൻ പത്രം 2 എല്ലാം കട്ട വെയിറ്റിംഗ് ആണ്’, ‘ ഈ സുരേഷേട്ടനെയാണ് നമ്മുക്ക് വേണ്ടത്, വലിയൊരു വിജയമായി മാറട്ടെ നമ്മുടെ പാപ്പൻ’, ‘സുരേഷ് ഏട്ടന്റെ ഒരു ഉഗ്രൻ തിരിച്ചു വരവ് ആവട്ടെ പാപ്പൻ’, ‘വരുന്നത് ആക്ഷൻ രാജാവ് ആകുമ്പോൾ വരവും രാജകീയം ആയിരിക്കും. കിടിലൻ ട്രൈലെർ’ ഇങ്ങനെ പോകുന്നു ട്രയിലറിന് ആരാധകർ നൽകിയ കമന്റുകൾ. ‘പാപ്പൻ’ സുരേഷ് ഗോപിയുടെ ഒരു ഗംഭീര തിരിച്ചുവരവ് ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
തലമുറകളുടെ സംഗമം കൂടിയുണ്ട് എന്നതാണ് ചിത്രത്തെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. മകൻ ഗോകുൽ സുരേഷും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പൻ. സുരേഷ് ഗോപിയുടെ കരിയറിലെ 252 ആം ചിത്രമായാണ് പാപ്പൻ എത്തുന്നത്. സംവിധായകൻ ജോഷിക്ക് ഒപ്പം മകൻ അഭിലാഷ് ജോഷി ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയവരാണ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര് ജെ ഷാനിന്റേതാണ് ചിത്രത്തിന്റെ രചന. എഡിറ്റിംഗ് – ശ്യാം ശശിധരന്, സംഗീതം – ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം – നിമേഷ് എം താനൂർ, മേക്കപ്പ് – റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻസ് – ഓൾഡ് മങ്ക്സ്.