ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന വ്യക്തിപരമായ കാരണങ്ങളാൽ ഈ വർഷത്തെ ഐപിഎല്ലിൽ നിന്നും പിന്മാറിയെന്ന വാർത്തകൾ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലം റെയ്ന ഈ സീസണിൽ നിന്നും പിന്മാറിയെന്നും യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്ക് തിരിച്ചുവെന്നും ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചിരുന്നു. അതിന് പിന്നിലെ വ്യക്തിപരമായ കാരണമെന്ന് കരുതുന്ന ഒരു സംഭവം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
പത്താൻകോട്ടിലുള്ള തരിയാൽ ഗ്രാമത്തിലുള്ള സുരേഷ് റെയ്നയുടെ അമ്മാവനേയും കുടുംബത്തെയുമാണ് അജ്ഞാതരായ അക്രമികൾ ആക്രമിച്ചത്. ആഗസ്റ്റ് 19ന് വീടിന്റെ ടെറസിൽ കിടന്നുറങ്ങിയിരുന്ന കുടുംബാംഗങ്ങളെ അർധരാത്രിയാണ് അക്രമികൾ ആക്രമിച്ചത്. 58 വയസ്സുള്ള റെയ്നയുടെ അമ്മാവൻ അശോക് കുമാറാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അശോക് കുമാറിന്റെ ഭാര്യ ആശാ ദേവി ഗുരുതരാവസ്ഥയിലാണ്. അശോക് കുമാറിന്റെ 80 വയസുള്ള അമ്മ, മക്കളായ കൗശൽ കുമാർ, അപിൻ കുമാർ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പോലീസ് ധ്രുതഗതിയിൽ അന്വേഷണം നടത്തുകയാണെന്നാണ് റിപ്പോർട്ട്. ഇത് കാരണമാണ് സുരേഷ് റെയ്ന യു ഏ ഈയിൽ നടക്കുന്ന ഈ വർഷത്തെ ഐ പി എല്ലിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്.