തന്റെ മുന്‍കാല ചിത്രങ്ങളായ പത്രം, കമ്മീഷണര്‍ തുടങ്ങിയവ പോലെയുള്ള ഒരു ചിത്രമാണ് കാവലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് സുപരിചിതമായതും ത്രസിപ്പിക്കുന്നതുമായ സിനിമകള്‍ കുറേകാലമായി ഉണ്ടാവുന്നില്ലെന്നും ആ കുറവ് കാവലിലൂടെ അവസാനിക്കാന്‍ പോവുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകള്‍
‘ഒരുപക്ഷേ ജനങ്ങള്‍ക്ക് സുപരിചിതരായിരുന്നതും ത്രസിപ്പിച്ചിരുന്നതുമായ തിരക്കഥകള്‍ കുറേക്കാലമായി ജനങ്ങള്‍ മിസ് ചെയ്തിരുന്നു. ആ കുറവ് അവസാനിക്കാന്‍ പോവുകയാണ്. കാവല്‍ എന്റെ മുന്‍കാല സിനിമകളുടെ സ്വഭാവത്തോട് സാദൃശ്യമുള്ള സിനിമയാണ്. ഇപ്പോഴത്തെ ന്യൂജെന്‍ സിനിമകള്‍ പല തരത്തിലും തലത്തിലും നല്ലത് തന്നെയാണ്. അതിന്റെ നന്മയും പൊള്ളത്തരവും എല്ലാവര്ക്കും മനസിലാവുന്നുണ്ട്. അത്തരം സിനിമകളുടെ കൂട്ടത്തില്‍ പത്രം പോലെയോ കമ്മീഷണര്‍ പോലയോ ഉള്ള സിനിമകളുടെ സാനിധ്യം കുറയുന്നുണ്ടെങ്കില്‍ അതിനൊരു മറുപടി കൂടിയാണ് കാവല്‍. കാരണം ഇനി ഇത്തരം സിനിമകളും ഉണ്ടാവാം. അത് പുതിയ തലമുറയില്‍ പെട്ടവര്‍ക്കോ പഴയ തലമുറയില്‍ പെട്ടവര്‍ക്കോ ചെയ്യാം. ഒരു പത്രവും നരസിംഹവും ആറാം തമ്പുരാനുമെല്ലാം വരണം. അതിനുള്ള തുടക്കമായിരിക്കും കാവല്‍.’
കാവലില്‍ തമ്പാന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ‘കാവല്‍’. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന് രാജന് പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 25നാണ് കാവല്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം 220 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.