കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ നിരവധി സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണിലേക്ക് പോയത്. പൊതുജനങ്ങളുടെ ജീവിതം അതോടെ ദുസ്സഹവുമായിട്ടുണ്ട്. നിരവധി സെലിബ്രിറ്റികളാണ് ഈ അവസരത്തിൽ സഹായവുമായി എത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ സാമ്പത്തികമായി അവശത അനുഭവിക്കുന്ന ആരാധകർക്ക് അക്കൗണ്ടുകളിൽ 5000 രൂപ വീതം നിക്ഷേപിച്ച് സൂര്യയും കാർത്തിയും മാതൃകയായി തീർന്നിരിക്കുകയാണ്.
തന്റെ 250ഓളം ആരാധകർക്കാണ് സൂര്യ പണം നൽകി സഹായിച്ചത്. കാർത്തി തന്റെ 200ഓളം ആരാധകരെയാണ് സഹായിച്ചത്. ഫാൻസ് ക്ലബ്ബിന്റെ അഡ്മിനിസ്ട്രേറ്റർമാർ വഴിയാണ് ഇരുവരും സഹായം നൽകിയത്. നേരത്തെ സൂര്യയും കാർത്തിയും പിതാവ് ശിവകുമാറും ചേർന്ന് ഒരു കോടിയോളം രൂപ മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് സംഭാവന നൽകിയിരുന്നു.