സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീം വീണ്ടും നിയമക്കുരുക്കില്‍. സിനിമയുടെ പ്രസക്ത ഭാഗങ്ങള്‍ കോപ്പിയടിച്ചതാണെന്നും തന്റെ ജീവിതത്തിലെ സംഭവങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി വി. കുളഞ്ഞിയപ്പന് എന്നയാള്‍ രംഗത്തെത്തിയതോടെയാണിത്. പരാതിയുടെ അടിസ്ഥാനത്തില്‍ പകര്‍പ്പവകാശ നിയമത്തിലെ സെക്ഷന്‍ 63 (എ) പ്രകാരം സംവിധായകനും പ്രൊഡക്ഷന്‍ ഹൗസിനുമെതിരെ ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷന് കേസെടുത്തു.
2019 ലെ സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി ജ്ഞാനവേല്‍ കുളഞ്ഞിയപ്പനെ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ജീവിതകഥയ്ക്ക് റോയല്‍റ്റിയായി 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും വാര്‍ത്തകളുണ്ട്. സിനിമയുടെ ലാഭത്തില്‍ ഒരു വിഹിതം നല്‍കാമെന്ന വാഗ്ദാനവും ലഭിച്ചിരുന്നു. എന്നാല്‍, കുളഞ്ഞിയപ്പന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് കുളഞ്ഞിയപ്പന്റെ അഭിഭാഷകന് പറയുന്നത്. തന്റെ ഇടപാടുകാരന്റെ ജീവിതകഥയെ ആസ്പദമാക്കി സിനിമയെടുക്കുന്നതും അവന്റെ അനുവാദമില്ലാതെ പണം സമ്പാദിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്നും അഭിഭാഷകന് പറഞ്ഞു.
അടുത്തിടെയാണ് വണ്ണിയര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. സൂര്യ, ജ്യോതിക, ടിജെ ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരാണ് കേസെടുത്തിരുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് വന്ന് രണ്ടാഴ്ചയ്ക്കകം മറ്റൊരു നിയമപ്രശ്നമാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്നത്.