മമ്മൂട്ടി എന്ന നടന്റെ അഭിനയമികവിന്റെ പൂർണത തെളിയിക്കുന്ന വിജയവുമായി പേരൻപും യാത്രയും കുതിക്കുമ്പോൾ അത് കണ്ട് അത്ഭുതം പൂണ്ടിരിക്കുകയാണ് തമിഴ് സൂപ്പർതാരം സൂര്യ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി തിരഞ്ഞെടുക്കുന്ന വേറിട്ട ചിത്രങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് അദ്ദേഹം കുറിച്ചു. നല്ല സിനിമയുടെ പരിശുദ്ധിയും സത്യവും നിറഞ്ഞ സിനിമകൾ നൽകി പ്രചോദനം നൽകിയതിന് രണ്ടു ചിത്രങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
![Peranbu Movie](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Peranbu-Movie-Review-2.jpg?resize=788%2C524&ssl=1)
തമിഴിലെ നവ തലമുറ സംവിധായകരിൽ പ്രധാനിയും ദേശീയ പുരസ്കാര ജേതാവുമായ റാമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. തെന്നിന്ത്യൻ താരസുന്ദരി അഞ്ജലിയാണ് നായിക. പ്രശസ്ത ട്രാൻസ്ജൻഡർ മോഡൽ അഞ്ജലി അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനും മകളും തമ്മിലുള്ള ഇഷ്ടത്തിന്റെയും അതുമായി ബന്ധപ്പെടുന്ന സംഭവവികാസങ്ങളുടെയും ചിത്രം. അമുദൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മകളായി വേഷമിട്ടത് തങ്കമീന്കളിലൂടെ സിനിമയില് അരങ്ങേറ്റം കുറിച്ച സാധനയാണ്.
![Yatra Movie](https://i0.wp.com/cinemadaddy.com/wp-content/uploads/2019/02/Yatra-Movie-Review-1.jpg?resize=720%2C418&ssl=1)
ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും എല്ലാ ജനങ്ങളും ഒരേപോലെ സ്നേഹിച്ചിരുന്ന വ്യക്തിയുമായ Dr വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം തിരശീലയിൽ എത്തുന്ന ചിത്രമാണ് ‘യാത്ര’. അദ്ദേഹത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തിച്ച ഒരു വേനൽക്കാലത്തെ ഒരു കാൽനട യാത്രയാണ് ചിത്രത്തിന്റെ ആധാരം. രണ്ടു ദശാബ്ദങ്ങൾക്ക് ശേഷം തെലുങ്ക് സിനിമ ലോകത്തേക്ക് എത്തുന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ കരിയറിൽ ആദ്യമായി അഭിനയിക്കുന്ന പൊളിറ്റിക്കൽ ഡ്രാമ കൂടിയാണ് യാത്ര. കൂടാതെ ആദ്യമായിട്ടാണ് അദ്ദേഹം ഒരു മുഖ്യമന്ത്രിയുടെ റോൾ ചെയ്യുന്നതും. നീണ്ട 30 വർഷങ്ങൾക്ക് ശേഷം സുഹാസിനിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയും യാത്രക്കുണ്ട്.