“സ്വാതന്ത്ര്യം തന്നെയമൃതം…
സ്വാതന്ത്ര്യം തന്നെ ജീവിതം…
പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം….”
കവി അന്ന് പാടിനിർത്തിയിടത്ത് തന്നെയാണ് ടിനു പാപ്പച്ചൻ എന്ന ഏറെ പ്രതീക്ഷകൾ ആദ്യചിത്രം കൊണ്ട് സമ്മാനിച്ച സംവിധായകനും കൂട്ടരും തുടക്കമിടുന്നത്. ഒരു വർഷത്തിന് ശേഷം ആന്റണി വർഗീസ് നായകനാകുന്നു..ഗിരീഷ് ഗംഗാധരന്റെ ക്യാമറ…വിനായകൻ, ചെമ്പൻ എന്നിങ്ങനെ കഴിവുറ്റ താരനിര… സൂപ്പർഹിറ്റായി മാറിയ മോഷൻ പോസ്റ്ററും ട്രെയ്ലറുമൊക്കെയായി പ്രേക്ഷകർ ഏറെ പ്രതീക്ഷകളാണ് ചിത്രത്തിന് വച്ചു പുലർത്തിയിരുന്നത്. ആ പ്രതീക്ഷകൾക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്നു മാത്രമല്ല, ആ പ്രതീക്ഷകൾക്ക് ഒരു പടി മുന്നിൽ തന്നെയാണ് ചിത്രത്തിന്റെ അവതരണം.
എൺപത് ശതമാനത്തോളം ജയിലിൽ തന്നെ ചിത്രീകരിച്ചിരിക്കുന്ന ചിത്രം തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർക്ക് സ്ക്രീനിൽ നിന്നും ഒരു നിമിഷം പോലും കണ്ണെടുക്കാനുള്ള സമയം നൽകാത്ത വിധം അത്ര മികച്ചൊരു എൻഗേജിങ്ങ് ത്രില്ലറാണ്. നവാഗത സംവിധായകനാണ് എന്ന യാതൊരു സൂചനയും നൽകാതെ ചിത്രമെടുത്ത ടിനു പാപ്പച്ചന് തന്നെയാണ് തീയറ്ററുകളിൽ അവസാനം മുഴങ്ങിയ ആ കൈയ്യടികൾ. ലിജോ ജോസ് പെല്ലിശേരിയുടേ അസ്സോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനിലൂടെ മലയാളികൾക്ക് അങ്ങനെ ഒരു സ്റ്റൈലിഷ് സംവിധായകനെ കൂടി ലഭിച്ചിരിക്കുകയാണ്. ഇനിയുമേറെ അമ്പുകൾ ഇദ്ദേഹത്തിന്റെ ആവനാഴിയിൽ ഉണ്ടെന്നതിൽ യാതൊരു സംശയവുമില്ല. കോട്ടയം സബ് ജയിലിലെ വിചാരണ തടവുകാരുടെ ഇടയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ആ കൂട്ടത്തിലേക്ക് ആദ്യമായി എത്തിപ്പെട്ട ജേക്കബ് എന്ന ചെറുപ്പക്കാരന് ചുറ്റുമാണ് ഓരോ സംഭവങ്ങളും അരങ്ങേറുന്നത്. അവിടെ വെച്ച് അവൻ പരിചയപ്പെടുന്ന സൈമൺ, കള്ളൻ ദേവസ്യ എന്നിങ്ങനെയുള്ള പലരിലേക്കും കഥ ചെല്ലുന്നു. അതിജീവനത്തിന്റെ തന്ത്രങ്ങൾ തന്നെയാണ് ചിത്രമാസകലം. നിരപരാധിത്വം തെളിയിക്കുന്നതിനേക്കാൾ രക്ഷപ്പെടാനുള്ള ശ്രമം തന്നെയാണ് അതിജീവനത്തിന് ഉത്തമമെന്ന ആ ഒരു തിരിച്ചറിവിൽ നിന്നും അവരെടുക്കുന്ന തീരുമാനങ്ങളും അത് നടപ്പിലാക്കുന്ന ഉദ്വേഗജനകമായ നിമിഷങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
ഓരോ കഥാപാത്രത്തിനും അവർക്ക് പെർഫോം ചെയ്യാൻ പാകത്തിന് ഇടം നൽകി തിരക്കഥയൊരുക്കിയ ദിലീപ് കുര്യൻ പ്രത്യേക പ്രശംസ അർഹിക്കുന്ന വ്യക്തി തന്നെയാണ്. അങ്കമാലി ഡയറീസിന് ഒരു വർഷത്തിനിപ്പുറമാണ് ആന്റണി വർഗീസ് നായകനായ ഈ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തീയറ്ററുകളിൽ എത്തിയിരിക്കുന്നത്. ആ ഒരു ഇടവേള ഒട്ടും നഷ്ടമായില്ല എന്ന് തെളിയിക്കുന്നത് തന്നെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പെപ്പയുടെ പ്രകടനവും. വിനായകനും ചെമ്പനും പതിവ് പോലെ തന്നെ പ്രേക്ഷകർ അവരിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ അതു തിരിച്ചു നൽകുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. സ്ക്രീൻ സ്പേസ് കുറവാണെങ്കിലും നായികയായി എത്തിയ നടിയും നല്ലൊരു പ്രകടനം തന്നെയാണ് സമ്മാനിച്ചതും. അങ്കമാലി ഡയറീസിലൂടെ സിനിമ രംഗത്തേക്ക് കടന്നു വന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച പലരും ഈ ചിത്രത്തിലൂടെയും അവരുടെ മികവ് പുറത്തെടുക്കുന്നുണ്ട്. കിച്ചു, ബിറ്റോ ഡേവിസ്, ടിറ്റോ വിൽസൻ, സിനോജ് വർഗീസ്, അനന്തു എന്നിങ്ങനെ നല്ലൊരു താരനിരക്കൊപ്പം സ്റ്റൈലിഷ് ലുക്കുമായി ലിജോ ജോസ് പെല്ലിശ്ശേരിയും കൂടിയായപ്പോൾ പ്രേക്ഷകർക്ക് ഈ വേറിട്ട സിനിമാനുഭവം കൂടുതൽ മനോഹരമായി തീർന്നു. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണത്തിനിടയിലും ഒരു കല്ലുകടിയായി തോന്നിയത് ഓസ്ട്രേലിയ കാണിക്കുവാൻ വേണ്ടി കൂട്ടു പിടിച്ച ഗ്രാഫിക്സ് തന്നെയാണ്. ചില സീരിയലുകളുടെ പേര് പ്രേക്ഷകർ കമന്റ് ചെയ്തുവെന്നുള്ളത്ത് സത്യം. പക്ഷേ ആ ഒരു കല്ലുകടി അവിടെ തന്നെ തീർക്കുക മാത്രമല്ല അങ്ങനെയൊരു കാര്യത്തെ പറ്റി പ്രേക്ഷകർ പിന്നീട് ചിന്തിക്കുന്നത് പോലുമില്ല എന്നത് യാഥാർഥ്യം.
ടെക്നിക്കൽ സൈഡിൽ നിന്നും നോക്കിയാൽ ഈ അടുത്തൊന്നും അവതരണത്തിൽ ഇത്ര പൂർണത ഫീൽ ചെയ്ത മറ്റൊരു ചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്. പ്രേക്ഷകന്റെ നെഞ്ചിടിപ്പിന്റെ താളത്തിനൊപ്പം സഞ്ചരിക്കുന്ന ദീപക് അലക്സാണ്ടർ ഒരുക്കിയ ബാക്ഗ്രൗണ്ട് മ്യൂസിക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. പ്രേക്ഷകന്റെ കണ്ണ് സഞ്ചരിക്കുന്നിടത്തും സഞ്ചരിക്കാത്തിടത്തും ചെന്നെത്തുന്ന വേറിട്ട ക്യാമറ കണ്ണുകളുമായി ഗിരീഷ് ഗംഗാധരനും തകർപ്പൻ എഡിറ്റിംഗുമായി ഷമീർ മുഹമ്മദും പ്രേക്ഷകന്റെ ആസ്വാദനത്തെ കൂടുതൽ വർണോജ്വലമാക്കി എന്ന് പറയുന്നതിൽ അതിശയോക്തി തെല്ലുമില്ല. ജേക്സ് ബിജോയ് ഈണമിട്ട ഗാനവും സന്ദർഭോചിതം തന്നെ. ടൈറ്റിൽ കാർഡ് മുതൽ അവസാന നിമിഷം വരെ പ്രേക്ഷകന്റെ ശ്രദ്ധയെ ഒരു നിമിഷം പോലും മറ്റൊന്നിലേക്ക് തിരിക്കാതെ അനുനിമിഷം വളർന്നു കൊണ്ടിരിക്കുന്ന ആകാംക്ഷയും പേറി മുന്നേറുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്. ഇങ്ങനെയൊരു സിനിമാനുഭവം തന്നെ വിരളമാണ്.