ബ്രിട്ടീഷ് മേൽക്കോയ്മയിൽ നിന്നും സ്വാതന്ത്ര്യത്തിനായി പോരാടിയ നിരവധി ധീരന്മാരുടെ കഥകളും ജീവിതങ്ങളും കണ്ടിട്ടുള്ള പ്രേക്ഷകർക്ക് മുന്നിലേക്കാണ് ഈ പോരാട്ടങ്ങൾക്ക് എല്ലാം തുടക്കം കുറിച്ചെന്ന് കരുതിപോരുന്ന സെയ്റ നരസിംഹ റെഡി എത്തിയിരിക്കുന്നത്. സുരേന്ദ്ര റെഡിയുടെ സംവിധാന മികവിൽ പ്രേക്ഷകർക്ക് പൂർണമായും ആവേശത്തോടെ കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് സെയ്റ നരസിംഹ റെഡ്ഢിയിലൂടെ ലഭിച്ചിരിക്കുന്നത്. അടിച്ചമർത്താൻ വരുന്നവന്റെ നെഞ്ചിങ്കൂട് തകർക്കാൻ തക്ക ധൈര്യവുമായി മുന്നോട്ട് വന്ന നരസിംഹ റെഡ്ഢിക്ക് പ്രേക്ഷകർ നൽകിയതും ആ ധൈര്യത്തെ പ്രോത്സാഹിപ്പിക്കുന്ന കൈയ്യടികളാണ്.
തന്റെ ഗുരുവായ ഗോസായി വെങ്കണ്ണയുടെ നിർദ്ദേശ പ്രകാരം യോദ്ധാവായി തീർന്ന നരസിംഹ റെഡ്ഡി അയൽ രാജ്യങ്ങളിലെ ഭരണാധികാരികൾക്കൊപ്പം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചൂഷണങ്ങൾക്ക് എതിരെ പട പൊരുതാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് മേൽക്കോയ്മക്ക് എതിരെ പോരാടുമ്പോഴും കൂട്ടത്തിൽ നിന്ന് കുതികാൽ വെട്ടുന്നവരെയും നരസിംഹ റെഡ്ഢിക്ക് നേരിടേണ്ടി വരുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്നും തയ്യാറാക്കിയെടുത്ത ചിത്രത്തിൽ ആവിഷ്കാര സ്വാതന്ത്ര്യവും ക്രിയാത്മക കഴിവ് കൊണ്ടും അല്പം നാടകീയത കൂടി അണിയറ പ്രവർത്തകർ കൂട്ടിച്ചേർത്തിട്ടുണ്ട്.
ചിരഞ്ജീവിയുടെ വണ്‍ മാൻ ഷോ തന്നെ ആണ് പടം. ഓരോ ഭാഷയില്‍ നിന്നും ഓരോ വലിയ താരങ്ങള്‍ ഉണ്ടായിരുന്നിട്ടും കൂടി ഇങ്ങേരുടെ സ്ക്രീൻ പ്രസൻസ് ഒരു രക്ഷയും ഇല്ലായിരുന്നു💯. അമിതാഭ് ബച്ചന്, വിജയ് സേതുപതി, കിച്ച സുദീപ്, അനുഷ്ക ഷെട്ടി, എന്ന വലിയ താരനിരയില്‍ കിച്ച സുദീപ് തന്നെ ആയിരുന്നു കുറച്ചൂടെ സ്ക്രീൻ സ്പേസ് ഉണ്ടായിരുന്നത്. വിജയ് സേതുപതിയും അനുഷ്ക ഷെട്ടിക്കും ചെറിയ റോള്‍ ആയിരുന്നു. എല്ലാവരും അവരവരുടെ വേഷം നന്നായി ചെയ്തു. നായികയായി അഭിനയിച്ച നയൻതാരയും തമന്നയും തനിക്ക് കിട്ടിയ റോൾ തെറ്റല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്നു തോന്നിയത് അതിന്റെ കലാ സംവിധാനവും ആക്ഷൻ കൊറിയോഗ്രാഫിയും ആയിരുന്നു. സുരേന്ദ്ര റെഡ്ഡിയുടെ സംവിധായക മികവിനൊപ്പം മികവുറ്റ കലാ സംവിധാനവും ആക്ഷൻ കൊറിയോഗ്രാഫിയും കൂടി ചേരുമ്പോൾ രാം ചരൺ നിർമ്മിച്ച ഈ ചിത്രം നല്ലൊരു അനുഭവം സമ്മാനിക്കുന്നു.