മലയാളത്തിന്റെ പ്രിയനടൻ ജയറാം നായകനായി എത്തിയ ചിത്രം അബ്രഹാം ഓസ് ലർ റിലീസ് ചെയ്തു. ആദ്യഷോ കഴിഞ്ഞപ്പോൾ മുതൽ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ്. ഏതായാലും പടം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിലെ സർപ്രൈസ് പ്രേക്ഷകർക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഡോ. രൺധീർ കൃഷ്ണനാണ്. ചിത്രത്തിൽ മമ്മൂട്ടിയുണ്ടെന്നുള്ള അഭ്യൂഹത്തിന് ഇന്ന് അവസാനമായി.
പ്രമോഷൻ അഭിമുഖത്തിനിടെ മമ്മൂട്ടി ചിത്രത്തിലുണ്ടോ എന്ന ചോദ്യത്തിന് മമ്മുട്ടിയുടെ എൻട്രിയിൽ തിയറ്റർ വെടിക്കും എന്നായിരുന്നു ജയറാം നൽകിയ മറുപടി. ഇത് വ്യക്തമാക്കുന്നതാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് എൻട്രി. മമ്മൂട്ടിയുടെ എൻട്രിയിൽ തിയറ്ററുകൾ പൂരപ്പറമ്പായി എന്നായിരുന്നു ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മമ്മൂട്ടി ചിത്രത്തിലുണ്ടെന്ന വ്യക്തമായ സൂചന അണിയറപ്രവർത്തകർ നൽകി.
‘ഇന്തിയാവിന്‍ മാപെരും നടികർ മമ്മൂട്ടി’ എന്ന് എഴുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. ഇതിനിടെ ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകർക്ക് സംവിധായകൻ മിഥുൻ മാനുവൽ തോമസ് നന്ദി അറിയിച്ചു. ‘എബ്രഹാം ഓസ്ലരിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർക്കു നന്ദി..ഓസ്ലറെ ആവിസ്മരണീയം ആക്കിയ ഇന്ത്യയുടെ മഹാനടൻ മമ്മുക്കയ്ക്കും നന്ദി’ എന്നാണ് മിഥുന് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.