പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കാപ്പ. തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രം അടുത്തിടെ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പത്ത് അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.
സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ തെറ്റുകളും കണ്ടെത്തിയിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൊട്ടമധു എന്ന കഥാപാത്രത്തെക്കുറിച്ച് അറിയാന്‍ ആസിഫ് അലി അവതരിപ്പിച്ച ആനന്ദ് ഗൂഗിളില്‍ തിരയുന്ന രംഗമുണ്ട്. കൊട്ടമധു എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ ഗൂഗിളില്‍ ലിസ്റ്റ് ചെയ്യുന്ന മധുവിന്റെ ചിത്രങ്ങളില്‍ ഒന്ന് അയാള്‍ പിന്നീട് പാര്‍ട്ടി ഓഫിസില്‍ വന്നിരിക്കുന്ന രംഗങ്ങളിലേതാണ്. ഇതില്‍ നല്‍കിയിരിക്കുന്ന പല ഫോട്ടോകളിലും ഇതുപോലെ അബദ്ധം സംഭവിച്ചിട്ടുണ്ട്. ഇത് കൂടാതെ ബിജു ത്രിവിക്രമന്‍ എന്ന കഥാപാത്രത്തെ ഗുണ്ടാ സംഘം വെട്ടിക്കൊല്ലുന്ന ഒരു സീനുണ്ട്. ഇതില്‍ വാള് വീശുന്നത് വായുവിലാണെന്ന് വ്യക്തമാണ്.
മറ്റൊരു രംഗത്തില്‍ ആനന്ദ് എന്ന കഥാപാത്രം ഭാര്യ ബിനു ത്രിവിക്രമനെ ട്രെയിനില്‍ കയറ്റി നാട്ടിലേക്ക് പറഞ്ഞുവിടുന്ന രംഗമുണ്ട്. ഈ സമയം പശ്ചാത്തലം ഇരുട്ടാണ്. തൊട്ടടുത്ത രംഗത്ത് വളരെ വേഗത്തില്‍ വെളുക്കുന്ന സീന്‍ കാണാം. നേരം വെളുക്കുന്ന സമയത്താണ് ഈ സീന്‍ എന്നു കരുതിയാലും അകത്തുനിന്ന് പുറത്തേക്കിറങ്ങുന്ന സെക്കന്‍ഡില്‍ ഈ സീന്‍ വെളുക്കുന്നതും അബദ്ധമായി ചൂണ്ടിക്കാട്ടുന്നു. കൊട്ടമധു കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലത്തീഫ് അച്ചടിക്കുന്ന രംഗങ്ങളിലും വലിയ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അക്കാര്യങ്ങളും വിഡിയോയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.