റിലീസ് ചെയ്തതിനു പിന്നാലെ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുന്ന ചിത്രമാണ് കാന്താര. എന്നാൽ, ബോക്സ് ഓഫീസ് കളക്ഷനുകൾ നേടി കുതിക്കുന്ന ഈ കന്നഡ ചിത്രത്തിന് എതിരെ ഇപ്പോൾ കോപ്പിയടി വിവാദം ഉയർന്നിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന പാട്ടുകളിൽ ഒന്നായ വരാഹ രൂപം പാട്ടിന് എതിരെയാണ് ഇപ്പോൾ കോപ്പിയടി വിവാദം ഉയർന്നിരിക്കുന്നത്. ഈ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം പാട്ടിന്റെ കോപ്പിയടി ആണെന്നാണ് ആരോപണം.
നേരത്തെ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും ഈ ആരോപണം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരുന്നു. ഹരീഷ് ശിവരാമകൃഷ്ണന്റെ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നതിനു പിന്നാലെയാണ് തൈക്കുടം ബ്രിഡ്ജ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തൈക്കുടം ബ്രിഡ്ജും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തങ്ങളുടെ പ്രതികരണം അറിയിച്ചത്.
പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും തൈക്കുടം ബ്രിഡ്ജ് അറിയിച്ചു. നിരവധി പേരാണ് തൈക്കുടം ബ്രിഡ്ജിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ആരാധകരുടെ പിന്തുണ തങ്ങൾക്ക് വേണമെന്നും തൈക്കുടം ബ്രിഡ്ജ് പറഞ്ഞു. വരാഹ രൂപം എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓർക്കസ്ട്രൽ അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയതുകൊണ്ട് തോന്നുന്നതല്ലെന്നും നല്ല ഉറപ്പുണ്ടെന്നും ഹരീഷ് തന്റെ പോസ്റ്റിൽ പറഞ്ഞിരുന്നു. കാന്താരയുടെ റിലീസിന് പിന്നാലെ തന്നെ കോപ്പിയടി ആരോപണം ഉയർന്നപ്പോൾ തങ്ങൾ ഒരു ട്യൂണും കോപ്പിയടിച്ചിട്ടില്ലെന്ന് ആയിരുന്നു സംഗീതസംവിധായകൻ അജനീഷ് ലോകേഷ് മറുപടി പറഞ്ഞത്.നവരസ പാട്ട് താൻ കേട്ടിട്ടുണ്ടെന്നും ആ പാട്ട് തന്നെ ഇൻസ്പയർ ചെയ്തിട്ടുണ്ടന്നും എന്നാൽ കോപ്പിയടിച്ചതാണെന്ന് പറഞ്ഞാൽ സമ്മതിച്ചു തരാൻ കഴിയില്ലെന്നും ആയിരുന്നു അജനീഷ് പറഞ്ഞത്. ഏതായാലും തൈക്കുടം ബ്രിഡ്ജ് തന്നെ ഇതിനെതിരെ രംഗത്തെത്തിയതോടെ ഇനി എന്ത് സംഭവിക്കുമെന്നാണ് സംഗീതപ്രേമികൾ ഉറ്റു നോക്കുന്നത്.