വിജയ് ചിത്രം ബീസ്റ്റിനെ വിമര്‍ശിച്ച് വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍. വിജയ് എന്ന സൂപ്പര്‍താരത്തെ മാത്രം ആശ്രയിച്ച് എടുത്ത സിനിമയാണ് ബീസ്റ്റെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയുടെ തിരക്കഥയും അവതരണവും നിലവാരം പുലര്‍ത്തിയില്ല. ഒരു സൂപ്പര്‍താരത്തിനൊപ്പം സിനിമ ചെയ്യുമ്പോള്‍ അവരുടെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന തെറ്റിദ്ധാരണ പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ അറബികുത്ത് എന്ന ഗാനം ആസ്വദിച്ചു. എന്നാല്‍ സിനിമയിലേക്ക് വന്നാല്‍ വിജയ് എന്ന താരത്തെ മാത്രം ആശ്രയിച്ച് എടുത്ത ചിത്രം പോലെ തോന്നി. തിരക്കഥയിലും സംവിധാനത്തിലും മികവ് പുലര്‍ത്തിയില്ല. പുതിയ തലമുറയിലെ സംവിധായകരുടെ രണ്ട് സിനിമ ഹിറ്റാകുന്നതോടെ സൂപ്പര്‍താരങ്ങള്‍ അവര്‍ക്ക് അവസരം നല്കുന്നു. താരങ്ങളെ കിട്ടിയാല്‍ ഉടനെ നമുക്ക് എങ്ങനെ വേണമെങ്കിലും സിനിമ ചെയ്യാമെന്ന അവസ്ഥയാണുള്ളതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
ഏപ്രില്‍ 13നാണ് ബീസ്റ്റ് റിലീസ് ചെയ്തത്. ‘ഡോക്ടറി’ന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ സിനിമയ്ക്ക് മികച്ച ബോക്സോഫീസ് കളക്ഷന്‍ തന്നെ ലഭിക്കുന്നുണ്ട്. ചിത്രം ഇതിനകം 150 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.