ദളപതി വിജയ്യുടെ ആരാധകർ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വരിസുവിന്റെ റിലീസിനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റിനു ശേഷം വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ് വാരിസു. തെലുങ്ക് സിനിമയിലെ ഹിറ്റ്മേക്കറായ വംസി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. രാശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം പ്രീ റിലീസ് ബിസിനസ്സിൽ നിന്ന് തന്നെ ഇതിനകം 195 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു.
ഈ ചിത്രത്തോടൊപ്പം തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം കൂടിയാണ് ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന വിജയ് ചിത്രം. ഗ്യാങ്സ്റ്റർ റോളിൽ വിജയ് എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബർ അഞ്ചിന് തുടങ്ങുമെന്നാണ് അറിയുവാൻ കഴിയുന്നത്. ചിത്രത്തിൽ ഏഴോളം വില്ലന്മാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നിവിൻ പോളി, സഞ്ജയ് ദത്ത്, വിശാൽ, ഗൗതം വാസുദേവ് മേനോൻ എന്നിങ്ങനെ നിരവധി പേരുകളാണ് വില്ലന്മാരുടെ ലിസ്റ്റിൽ ഉള്ളത്. പഴയകാല വില്ലനായ മൻസൂർ അലി ഖാനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ലോകേഷിന്റെ നിർദ്ദേശപ്രകാരം അറുപത് വയസ്സുകാരനായ മൻസൂർ അലി ഖാൻ ജിമ്മിൽ ചേർന്ന് കഠിനമായ വർക്ക് ഔട്ട് തുടങ്ങിയിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. കാർത്തി നായകനായ കൈതിയിൽ മൻസൂർ അലി ഖാനെയാണ് ലോകേഷ് ആദ്യം നായകനായി തീരുമാനിച്ചിരുന്നത്. കമൽ ഹാസൻ നായകനായ വിക്രത്തിലെ ഒരു ഫൈറ്റ് സീനിൽ മൻസൂർ അലി ഖാനുള്ള ട്രൈബ്യൂട്ടായി ചക്കു ചക്കു വാത്തികുച്ചി എന്ന ഗാനം ലോകേഷ് അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വാർത്തയും ഏവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും നടത്തിയിട്ടില്ല. എന്നിട്ടും ചിത്രം ഇപ്പോൾ 240 കോടി രൂപ നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് 160 കോടിക്ക് നെറ്റ്ഫ്ലിക്സ് നേടിയെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കൂടാതെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് 80 കോടിക്ക് സൺ ടിവിയും കരസ്ഥമാക്കിയതായി റിപ്പോർട്ടുകളുണ്ട്.