അപാരമായ ജനബാഹുല്യത്തിനാൽ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടത്താൻ തീരുമാനിച്ച ‘തല്ലുമാല’ സിനിമയുടെ പ്രമോഷൻ പരിപാടി മുടങ്ങി. പ്രമോഷന് വേണ്ടി മാളിലേക്ക് എത്തിയ ടൊവിനോയെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമായിരുന്നു എത്തിയത്. മാളിനുള്ളിലും പ്രമോഷൻ പരിപാടിക്കായി തയ്യാറാക്കിയ വേദിയിലും ജനങ്ങളെ കൊണ്ട് നിറഞ്ഞു. ഇക്കാരണത്താൽ അണിയറപ്രവർത്തകർക്ക് പ്രമോഷൻ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. സംഭവത്തിനു ശേഷം സോഷ്യൽമീഡിയയിൽ ലൈവിൽ എത്തിയ ടൊവിനോ ജീവനോടെ തിരിച്ച് വീട്ടിലെത്തുമോയെന്ന് ഒരുനിമിഷം ചിന്തിച്ചു പോയെന്നും കോഴിക്കോടിന്റെ പെരുത്ത് സ്നേഹത്തിന് നന്ദിയെന്നും പറഞ്ഞു.
കഴിഞ്ഞദിവസമാണ് അണിയറപ്രവർത്തകർ കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രമോഷൻ പരിപാടിയുണ്ടാകുമെന്ന് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. അതേസമയം, സംഘാടനത്തിലെ പിഴവാണ് പരിപാടി നടക്കാതെ പോകാൻ കാരണമായതെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇത്രയും ആളുകള്‍ എത്തുന്നത് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നാണ് മാളില്‍ പരിപാടി കാണാന്‍ എത്തിയവര്‍ പറഞ്ഞു. തല്ലുമാല സിനിമയിൽ ‘ആരാധകരെ ശാന്തരാകുവിൻ’ എന്ന് ഒരു ഡയലോഗ് ഉണ്ട്. എന്നാൽ ആ ഡയലോഗ് ഒന്നും പറയാൻ പോലും ടൊവിനോയ്ക്ക് കഴിഞ്ഞില്ല. ആരാധകപ്രളയം ആയിരുന്നു എന്നതു തന്നെ കാരണം. ആരാധകരുടെ തിരക്ക് കണ്ടോ സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയില്ലെന്നും പരിപാടി അവതരിപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്നും ടൊവിനോ പറഞ്ഞു. ഇത്രയും വലിയ ക്രൗഡ് കണ്ടിട്ടില്ലെന്നും വീട്ടിലെത്തുമോ എന്ന് ഒരു നിമിഷം ശങ്കിച്ചെന്നും എന്നാൽ ഇത് സ്നേഹമാണെന്ന് തിരിച്ചറിയുന്നെന്നും ടൊവിനോ ലൈവിൽ എത്തി പറഞ്ഞു. ഈ സ്നേഹം സിനിമ റിലീസ് ചെയ്യുമ്പോൾ തിയറ്ററിൽ ഉണ്ടാകണമെന്നും ടൊവിനോ പറഞ്ഞു.
ഓഗസ്റ്റ് 12നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ്. ചിത്രത്തിന് ലഭിച്ചത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന് പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ടൊവിനോയ്ക്ക് ഒപ്പം ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം, ശില്പ അലക്സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് ജസ്റ്റിന് ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ ഓള്‍ഡ്മോങ്ക്സ്, മാര്‍ക്കറ്റിങ് ഒബ്സ്ക്യൂറ, ഡിസൈനിങ്- പപ്പെറ്റ് മീഡിയ.
View this post on Instagram