മധുരമൂറുന്ന പഴയ ഓർമകളിലേക്ക് ഒരു മടക്കം ആഗ്രഹിക്കാത്ത ഒരു മനുഷ്യൻ പോലുമുണ്ടാകില്ല. സ്കൂൾ, കോളേജ് കാലഘട്ടത്തിലേക്കുള്ള ഒരു മടക്കമാണെങ്കിൽ അത് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളിയും. അത്തരം തിരിച്ചുപോക്ക് സാധ്യമാക്കുന്ന ചിത്രങ്ങളെ എന്നും നെഞ്ചിലേറ്റിയിട്ടുള്ളവരാണ് മലയാളികൾ. പക്ഷേ അതിലെല്ലാം കാമ്പുള്ള കഥയും തന്മയത്വമാർന്ന അവതരണവും ഉണ്ടായിരിക്കണം എന്ന് മാത്രം. ആ ഘടകങ്ങളെ എല്ലാം ഒരേപോലെ മനോഹരമായി ചേർത്ത് അവതരിപ്പിച്ചിരിക്കുന്ന നവാഗതനായ ഗിരീഷ് എ ഡിയുടെ തണ്ണീർമത്തൻ ദിനങ്ങൾ സുന്ദരമായ, ഓർമയിൽ സൂക്ഷിച്ചു വെക്കാവുന്ന ഒരു തിരിച്ചുപോക്കാണ്. ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത, എന്നാൽ കിട്ടിയിരുന്നെങ്കിൽ എന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്ന കാഴ്ചകൾ സമ്മാനിച്ച ഈ നവാഗത സംവിധായകൻ ഇനിയും മലയാളികൾക്കായി നിരവധി മനോഹരക്കാഴ്ചകൾ ഒരുക്കി വെച്ചിട്ടുണ്ടെന്ന് തീർച്ച.
ജൈസണ് തന്റെ സഹപാഠിയായ കീർത്തിയോട് ഉള്ള് നിറയെ ഇഷ്ടമാണ്. രവി പദ്മനാഭൻ എന്ന അധ്യാപകനോട് കീർത്തിക്ക് ഉള്ള ആരാധന ജൈസണ് അത്രക്ക് ഇഷ്ടപ്പെടുന്നുമില്ല. രവി സാറും ജെയ്സണും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലായെന്നതും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു. കീർത്തിയുടെ മനസ്സ് കീഴടക്കാനുള്ള ജെയ്സന്റെ ശ്രമങ്ങളാണ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ പിന്നീടുള്ള ഇതിവൃത്തം. അവിടെ സൗഹൃദവും പ്രണയവും ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴങ്ങളും മനോഹരമായി ചേർത്തുവെച്ചിട്ടുണ്ട്. സ്കൂൾ കാലഘട്ടം എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്നതിനുള്ള ഏറ്റവും ഉദാത്തമായ മാതൃക തന്നെയാണ് ഈ ചിത്രം. ദ്വയാർത്ഥ പ്രയോഗങ്ങളോ കൃതിമത്വം നിറഞ്ഞ സ്കൂൾ അന്തരീക്ഷമോ ഇവിടെ കാണുന്നില്ല. മറിച്ച് സ്വാഭാവികത നിറഞ്ഞ നമ്മൾ മലയാളികൾ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ അതെ സ്കൂൾ ലൈഫ് തന്നെയാണ് തണ്ണീർമത്തൻ ദിനങ്ങളിൽ കാണാൻ കഴിയുന്നത്.
മലയാള സിനിമ ലോകം നാളെ അടക്കിവാഴുവാനുള്ള ഒരു കൂട്ടം പ്രതിഭകളുടെ ഒരു സംഗമം തന്നെ ഈ ചിത്രത്തിൽ കാണുവാൻ സാധിക്കുന്നുണ്ട്. കാഴ്ച്ചയിൽ ചെറുതെന്ന് തോന്നുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ പോലും അവരുടെ ഭാഗം ആരെയും കൊതിപ്പിക്കുന്ന പൂർണതയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിന് ശേഷം സ്വാഭാവികമായ മറ്റൊരു മനോഹര പ്രകടനമാണ് ജെയ്സനായി മാത്യു നടത്തിയിരിക്കുന്നത്. വേറിട്ട ഭാവങ്ങൾ പ്രേക്ഷകനെ രസിപ്പിക്കുന്ന രീതിയിൽ തന്റെ മുഖത്ത് വിരിയിച്ചെടുക്കുവാൻ സാധിക്കുന്ന ഈ കലാകാരനെ തേടി നിരവധി ചിത്രങ്ങൾ ഇനിയും വരുമെന്ന് ഉറപ്പാണ്. പിള്ളേർ സൂപ്പർ ആണെങ്കിൽ അതിനേക്കാൾ സൂപ്പറാണ് അവരുടെ രവി മാഷ്. വിനീത് ശ്രീനിവാസൻ തന്റെ കരിയറിൽ ഇതേവരെ ചെയ്തിട്ടില്ലാത്ത തരം ഒരു കഥാപാത്രമാണ് രവി മാഷ്. ചിരിപ്പിച്ചും രസിപ്പിച്ചും ഉടനീളം നിറഞ്ഞു നിൽക്കുകയാണ് വിനീത് ശ്രീനിവാസൻ. കീർത്തിയുടെ കഥാപത്രത്തെ അവതരിപ്പിച്ച അനശ്വരയും മലയാള സിനിമക്ക് നാളേക്കുള്ള ഒരു മുതൽക്കൂട്ട് ആണെന്ന് നിസംശയം പറയുവാൻ സാധിക്കും. ശബരീഷ് വർമ്മയും ഇർഷാദും ബാലതാരങ്ങളുമെല്ലാം നിറഞ്ഞ കൈയ്യടികൾ നേടിയിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ നായകനായ അള്ളു രാമേന്ദ്രൻ എന്ന ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായ സംവിധായകൻ ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേർന്നെഴുതിയ മനോഹരമായ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. പ്രേക്ഷകനെ രസിപ്പിക്കുന്ന രീതിയിൽ, ഈ സിനിമ തീരല്ലേ എന്ന് ആശിപ്പിച്ചു കൊണ്ടുള്ള തിരക്കഥ ഏറെ കൈയ്യടികൾ അർഹിക്കുന്നുണ്ട്. ജസ്റ്റിൻ വർഗീസ് ഒരുക്കിയ ഗാനങ്ങൾ ഇപ്പോഴേ സൂപ്പർഹിറ്റാണ്. നിർമാതാക്കളിൽ ഒരാളായ ജോമോൻ ടി ജോണും വിനോദ് ഇല്ലംപള്ളിയും ചേർന്നൊരുക്കിയ ഛായാഗ്രഹണവും തണ്ണീർമത്തനെ കൂടുതൽ സുന്ദരമാക്കി. പൊള്ളുന്ന വെയിലിൽ തണ്ണീർമത്തൻ പകരുന്നൊരു സുഖമുള്ള തണുപ്പുണ്ട്. മനുഷ്യനെ മുഴുവനായി കുളിരണിയിക്കൊന്നൊരു തണുപ്പ്. ആ തണുപ്പ് ബിഗ് സ്ക്രീനിൽ തന്നെ അനുഭവിച്ചറിയണം. മടിക്കേണ്ട… ടിക്കറ്റ് ബുക്ക് ചെയ്തോ..!