അർജുൻ അശോകൻ, പ്രിയംവദ കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം “തട്ടാശ്ശേരി കൂട്ടം” ഇന്ന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തി. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ മലർവാടി ആർട്സ് ക്ലബ്, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീപ് അവതരിപ്പിക്കുന്ന യുവധാര ചിത്രം എന്ന പ്രത്യേകത കൂടി തട്ടാശ്ശേരി കൂട്ടത്തിനുണ്ട്.
പേര് പോലെ തന്നെ ഒരു സൗഹൃദക്കൂട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. തട്ടാശ്ശേരി എന്ന ഗ്രാമത്തിലെ തട്ടാൻ പാരമ്പര്യം ഉള്ള തട്ടാശ്ശേരി തറവാട്ടിലെ സഞ്ജയുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ഒരു അപ്രതീക്ഷിത സംഭവവും തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുമാണ് ചിത്രത്തിൻറെ കഥാഗതി. ഒരു ഇടവേളക്കു ശേഷം മലയാളികൾ കണ്ടു മറന്ന ഗ്രാമപശ്ചാത്തലത്തിലുള്ള സൗഹൃദത്തിന്റെ ആഘോഷക്കാഴ്ചകളും പുതുതലമുറയുടെ മനോഹരമായ പ്രണയവും, ആകാംക്ഷയും ഉദ്വോഗവും നിറച്ച രണ്ടാം പകുതിയും അടങ്ങിയ ഒരു കംപ്ലീറ്റ് എന്റർടൈനർ ആണ് ചിത്രം.
ജിയോവിയുടെ കഥയ്ക്ക് സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകന്റെ മനസ്സറിഞ്ഞ കെട്ടുറപ്പുള്ള തിരക്കഥയിൽ സംവിധാന രംഗത്തെ അരങ്ങേറ്റം അനൂപ് പത്മനാഭൻ അതിഗംഭീരമാക്കിയിട്ടുണ്ട്. അർജുൻ അശോകൻ, പ്രിയംവദ കൃഷ്ണൻ, ഗണപതി, വിജയരാഘവൻ, സിദ്ധിഖ്, അനീഷ് ഗോപൻ, ഉണ്ണി പി രാജൻദേവ്, അല്ലു അപ്പു, സുരേഷ് മേനോൻ, ശ്രീലക്ഷമി ,ഷൈനി സാറ തുടങ്ങിയ താരനിരയുടെ അതിഗംഭീര പ്രകടനങ്ങളും ചിത്രത്തിന് മാറ്റു കൂട്ടുന്നു. ജിതിൻ സ്റ്റാൻസിലോവ്സ് ഒരുക്കിയ ചിത്രത്തിൻറെ ഛായാഗ്രഹണവും എടുത്തു പറയേണ്ടതാണ്. രാംശരത്ത് ചിത്രത്തിന്റെ രണ്ടാം പകുതിയിലെ ആകാംക്ഷ നിറഞ്ഞ രംഗങ്ങൾക്ക് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും പ്രേക്ഷക കയ്യടികൾ നേടുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. പ്രണയവും സൗഹൃദവും ത്രില്ലറും എല്ലാം കൃത്യമായി ചേർന്ന എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ഒരു ക്ലീൻ എന്റർടൈനർ തന്നെയാണ് തട്ടാശ്ശേരി കൂട്ടം.