സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാം ചേര്‍ന്നൊരു ചിത്രം, അര്ജുന് അശോകന് നായകനായി എത്തിയ തട്ടാശ്ശേരി കൂട്ടത്തെ അങ്ങനെ വിശേഷിപ്പിക്കാം. ദിലീപിന്റെ സഹോദരന് അനൂപ് പത്മനാഭന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഫാന്റസിയുടെ അകമ്പടിയില്ലാത്ത സാധാരണമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ചിത്രത്തിന്റെ കഥപറച്ചില്‍. ചിരിക്കൂട്ടുകള്ക്കൊപ്പം ഇടയ്ക്ക് ത്രില്ലര്‍ സ്വഭാവവും ചിത്രം കൈവരിക്കുന്നുണ്ട്. അത് ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
സഞ്ജയ് എന്ന ചെറുപ്പക്കാരനേയും അയാളുടെ സൗഹൃദ വലയത്തേയും ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്. ഇതിനിടെയില്‍ സഞ്ജുവിന്റെ അമ്മാവനും കടന്നു വരുന്നു. ഐഎഎസ് ക്ലാസുകളില്‍ അലക്ഷ്യമായി പങ്കെടുക്കുകയും ചങ്ങാതിമാര്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്ന സഞ്ജയിയുടെ ജീവിതത്തില്‍ പ്രണയം കടന്നുവരുന്നതോടെ ചിത്രത്തിന്റെ ഗതി മാറുകയാണ്. ഒരുഘട്ടത്തില്‍ സഞ്ജയിയുടെ സമ്പാദ്യം മുഴുവന്‍ കൊള്ളയടിക്കപ്പെടുകയും പെരുവഴിയിലാകുകയും ചെയ്യുന്നുണ്ട്. അതിന് പ്രതികാരം വീട്ടാന്‍ സഞ്ജയും സുഹൃത്തുക്കളും ഇറങ്ങിത്തിരിക്കുന്നതോടെ ചിത്രത്തിന് ത്രില്ലര്‍ സ്വഭാവം കൈവരുന്നു. കേസിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുന്ന സാധാരണക്കാരായ ആളുകള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ട്.
കഥയും കഥാപാത്രവും ആവശ്യപ്പെടുന്ന എല്ലാ ഭാവങ്ങളും ഉള്‍ക്കൊണ്ടാണ് അര്ജുന് അശോകന്റെ പ്രകടനം. ഗണപതി, ഉണ്ണി രാജന് പി ദേവ്, അനീഷ് ഗോപാല്‍, അപ്പു തുടങ്ങിയവരും തിളങ്ങി. അര്ജുന് അശോകന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായി എത്തിയ ശ്രീലക്ഷ്മി, നായിക കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയംവദ, അമ്മാവനായി വേഷമിട്ട വിജയരാഘവന് എന്നിവരും മികച്ചു നിന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ സംഭാഷണങ്ങളും എടുത്തുപറയേണ്ടതാണ്.