തട്ടുംപുറം… മലയാള സിനിമയിൽ ധാരാളം കൈയ്യടികളും കണ്ണുനീരും നേടിയൊരു സ്ഥലമാണത്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലല്ലെന്ന് തിരിച്ചറിഞ്ഞ തോമസ് ചാക്കോയുടെ കഴിവുകൾ ഓർമകളായി നിലനിന്ന തട്ടുംപുറത്ത് ചിരിയും കൈയ്യടികളും നിറച്ചവനാണ് ചേക്കിന്റെ മാത്രം മീശ മാധവൻ. ഇപ്പോഴിതാ തട്ടുംപുറത്ത് നിന്നും ജീവിതവും ചിരിയുമായി അച്യുതനും. എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജോസ് – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ എത്തിയ തട്ടുംപുറത്ത് അച്യുതൻ പറഞ്ഞു വെക്കുന്ന, എന്നും നമ്മൾ കേൾക്കുന്ന ഒരു സന്ദേശമുണ്ട്. ആരുമില്ലാത്തവർക്ക് തുണയായി ദൈവമുണ്ട്. പക്ഷേ ആ ദൈവം സംസാരിക്കുന്നത് മനുഷ്യരിലൂടെയാണ്. നിത്യമായ ഒരു സത്യം ഉൾക്കൊള്ളുന്ന ആ സന്ദേശം അതിന്റെ ഏറ്റവും ഹൃദ്യവും മനസ്സ് നിറക്കുന്ന രീതിയിലും തട്ടുംപുറത്ത് അച്യുതനിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്.
![Thattumpurathu Achuthan Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/12/Thattumpurathu-Achuthan-Review-2.jpg?resize=788%2C441&ssl=1)
ഒരു അമ്പലവാസിയും നാട്ടുകാർക്ക് പ്രിയങ്കരനുമായ യുവാവാണ് അച്യുതൻ. ഒരു ദിവസം അമ്പലത്തിലെ ഭണ്ഡാരം തുറന്ന് നോക്കിയ അച്യുതന് അതിൽ നിന്നും ഒരു കത്ത് ലഭിക്കുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾ ജീവിതത്തിൽ നടക്കുന്നതിനിടയിലാണ് ഈ കത്ത് അച്യുതന് ലഭിക്കുന്നത്. ആ കത്തിന് പിന്നാലെയുള്ള അച്യുതന്റെ യാത്രയാണ് തട്ടുംപുറത്ത് അച്യുതന്റെ ഇതിവൃത്തം. ഇതിലും രസകരമായ ഒരു കാര്യം അച്യുതന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും അതിന്റെ മുറ പോലെ ഒരു കൊച്ചു പയ്യൻ സ്വപ്നം കാണുന്നുണ്ട് എന്നതാണ്. അതെല്ലാം അക്ഷരം പ്രതി സംഭവിക്കുന്നുമുണ്ട്. ഈ സംഭവികാസങ്ങൾക്ക് ഇടയിൽ എല്ലാം തന്നെ തട്ടുംപുറം ഒരു സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. പതിവ് ശൈലിയിൽ തന്നെ തന്റെ കഥാപാത്രത്തെ ചാക്കോച്ചൻ മനോഹരമാക്കിയിട്ടുണ്ട്. ഏറെ ചിരിപ്പിക്കുന്ന അച്യുതൻ എന്ന കഥാപാത്രം ചാക്കോച്ചന്റെ കൈകളിൽ ഭദ്രമാണ്.
![Thattumpurathu Achuthan Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/12/Thattumpurathu-Achuthan-Review-1.jpg?resize=788%2C394&ssl=1)
നാട്ടിൻപുറത്തിന്റെ നന്മകളും കൊച്ചു കൊച്ചു അസൂയകളും കുശുമ്പുകളും കൊണ്ട് സമൃദ്ധമായ നിരവധി കഥാപാത്രങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അച്യുതന്റെ സന്തതസഹചാരിയായ ഹരീഷ് കണാരന്റെ കഥാപാത്രം, വിജയരാഘവന്റെ പിശുക്കനായ തുപ്പൽ ജോസ്, നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രം, കൊച്ചുപ്രേമന്റെ കുമാരനാശാൻ, കലാഭവൻ ഷാജോണിന്റെ പോലീസ് ഓഫീസർ എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും ചിത്രത്തിൽ നിറഞ്ഞു തന്നെ നിന്നു. പുതുമുഖ നായിക ശ്രവണയും തന്റെ റോൾ നന്നായി തന്നെ കൈകാര്യം ചെയ്തു. പറയത്തക്ക വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമല്ലായിരുന്നു അതെങ്കിലും തന്റെ റോൾ മനോഹരമാക്കുവാൻ ശ്രവണക്ക് സാധിച്ചു. ബിന്ദു പണിക്കർ, താരാ കല്യാൺ എന്നിവരും അവരുടെ ഭാഗം മനോഹരമാക്കി. നായികാ നായകൻ എന്ന പരിപാടിയിലൂടെ ലാൽ ജോസ് കണ്ടെത്തിയ പലരും അവരുടെ സിനിമയിലേക്കുള്ള വരവ് ഈ ചിത്രത്തിലൂടെ അറിയിച്ചു കഴിഞ്ഞു. നാട്ടുമ്പുറവും അവിടുത്തെ നിഷ്കളങ്കനായ യുവാവും എന്ന ലേബലിൽ നിന്നും ചാക്കോച്ചൻ ഇനിയും പുറത്തുകടന്നിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. വലിയ പുതുമ അവകാശപ്പെടാൻ തക്ക ഒന്നും തന്നെ ചിത്രത്തിൽ നിന്നും പ്രേക്ഷകന് ലഭിക്കുന്നില്ല. എങ്കിലും ആസ്വദിച്ചിരുന്നു കാണുവാനുള്ള ഒരു വിരുന്ന് ചിത്രം സമ്മാനിക്കുകയും ചെയ്യുന്നുണ്ട്.
![Thattumpurathu Achuthan Review](https://i0.wp.com/cinemadaddy.com/wp-content/uploads/2018/12/Thattumpurathu-Achuthan-Review-3.jpg?resize=788%2C412&ssl=1)
നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള എം സിന്ധുരാജിന്റെ മറ്റൊരു സമ്മാനമാണ് തട്ടുംപുറത്തെ അച്യുതൻ. പുതുമകൾ അധികം അവകാശപ്പെടാൻ ഇല്ലാത്ത കഥയിൽ പ്രേക്ഷകന് ആസ്വദിക്കുവാനുള്ള ചേരുവകൾ മനോഹരമായി ചേർത്തിട്ടുണ്ട് അദ്ദേഹം. കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ ഈണമിട്ട ഗാനങ്ങളും മനോഹരമാണ്. റോബി വർഗീസ് രാജിന്റെ ക്യാമറയും മികച്ച നിലയിൽ തന്നെ പ്രേക്ഷകനെ ആസ്വാദനം പൂർണമാക്കാൻ സഹായിച്ചിട്ടുണ്ട്. രഞ്ജൻ അബ്രഹാമിന്റെ എഡിറ്റിംഗും അതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ ക്രിസ്തുമസിന് ചാക്കോച്ചൻ – ലാൽ ജോസ് കൂട്ടുക്കെട്ട് സമ്മാനിച്ച ഒരു വിരുന്ന് എന്ന നിലക്ക് കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു നല്ല വിരുന്ന് തന്നെയാണ് തട്ടുംപുറത്ത് അച്യുതൻ.