ബലാത്സംഗക്കേസിൽ സംവിധായകനും നടനുമായ വിജയ് ബാബുവിന് എതിരെ അതിജീവിതയായ നടി സുപ്രീം കോടതിയെ സമീപിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നെന്നും അതിജീവിത. കഴിഞ്ഞദിവസം സംസ്ഥാന സർക്കാരും ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് ആയിരുന്നു വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കരുതായിരുന്നു എന്നും പല സുപ്രധാന വിഷയങ്ങളും മറച്ചു വെച്ചാണ് മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നൽകിയിരുന്നതെന്നും സർക്കാർ കുറ്റപ്പെടുത്തി.
ഇരയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഗുരുതരമായ കുറ്റവുമാണ്. കേരളത്തിൽ കേസ് എടുത്തപ്പോൾ തന്നെ പ്രതി വിദേശത്തേക്ക് കടന്നു. അറസ്റ്റ് ഒഴിവാക്കാൻ ഇന്ത്യയുമായി പ്രതികളെ കൈമാറാൻ കരാറില്ലാത്ത ജോർജിയയിലേക്ക് കടക്കാൻ ശ്രമിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫോൺ ഹാജരാക്കിയപ്പോൾ വാട്ട്സാപ്പ് ചാറ്റുകളിൽ പലതും ഡിലീറ്റ് ചെയ്താണ് നൽകിയതെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ വ്യക്തമാക്കുന്നു.
അതേസമയം, യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു. ഈ ഫ്ലാറ്റിൽ വെച്ച് വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെടെയാണ് കൊച്ചി സൗത്ത് പൊലീസ് പ്രതിയെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.