വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്. അതികഠിനമായ തണുപ്പിനെ അതിജീവിച്ച് ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൈനസ് പത്തിലും ഇരുപതിലുമൊക്കെയായിരുന്നു ചിത്രീകരണം നടന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് നല്‍കികൊണ്ടുള്ള ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഭക്ഷണം പാകം ചെയ്യുന്നവരും ക്ലീനിംഗ് സ്റ്റാഫും ലൈറ്റ് ബോയ്സും അടക്കമുള്ളവര്‍ വിഡിയോയില്‍ വന്നുപോകുന്നുണ്ട്. അണിയറപ്രവര്‍ത്തകരുമായും പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരുമായും വിജയ് സംവദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ചിത്രത്തിന്റെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തന്നെ ഏകദേശം അഞ്ഞൂറോളം പേരുണ്ടായിരുന്നു. കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി സംഘം നാട്ടിലേക്ക് തിരിച്ചു.
ലോകേഷ് കനകരാജ്, രത്ന കുമാര്‍, ധീരജ് വൈദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്ജുന്, തൃഷ, സംവിധായകനായ മിഷ്കിന്, ഗൗതം വാസുദേവ് മേനോന്, മലയാളി താരം മാത്യു തോമസ്, സാന്‍ഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്നു. മനോജ് പരമഹംസയാണ് ക്യാമറ. എഡിറ്റ് ചെയ്യുന്നത് ഫിലോമിന്‍ രാജ് ആണ്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ലിയോ ഈ വര്‍ഷം ഒക്ടോബര്‍ 19 നാണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നറിയാന്‍ കൂടിയുള്ള ആകാംക്ഷയിലാണ് ആരാധകര്‍.