രാജ്യമെങ്ങുമുള്ള തിയറ്ററുകളിൽ അവിശ്വസനീയമായ കാഴ്ചകളാണ് കാണുന്നത്. ഒരു സിനിമ കാണാൻ തിയറ്ററുകളിൽ ജനത്തിരക്ക്. സൂപ്പർ താരങ്ങളില്ലാതെ എത്തിയ കൊച്ചുചിത്രമായ ‘ദ കശ്മീർ ഫയൽസ്’ കാണാൻ ആണ് തിയറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത്. രാജ്യത്ത് ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങൾ ചിത്രത്തിന്റെ വിനോദ നികുതി ഒഴിവാക്കി. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കുന്നത്.
ഉത്തർ പ്രദേശ്, ഗോവ, ത്രിപുര, മധ്യപ്രദേശ്, കർണാടക, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് വിനോദനികുതി ഒഴിവാക്കിയത്. ഏകദേശം 630 സ്ക്രീനുകളിൽ മാത്രമായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. എന്നാൽ, സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണം കൂടുതൽ തിയറ്ററുകൾ ലഭിക്കാൻ കാരണമായി. സിനിമയുടെ ആദ്യ വാരാന്ത്യ കളക്ഷൻ 27.15 കോടി രൂപയായിരുന്നു.
ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങൾ എത്തിയതോടെ ചിത്രം കാണാൻ നിരവധി പേരാണ് എത്തിയത്. ചിത്രത്തിന് നികുതി ഒഴിവാക്കിയതിന് ഒപ്പം സിനിമ കാണുന്നതിന് സംസ്ഥാനത്തെ പൊലീസുകാർക്ക് അവധി നൽകുമെന്ന് മധ്യപ്രദേശ് അറിയിച്ചു. എന്തുകൊണ്ട് ചിത്രത്തിന് നികുതി ഒഴിവാക്കിയത് എന്ന ചോദ്യത്തിന് കർണാകട മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് കൃത്യമായ ഉത്തരമുണ്ട്. കശ്മീർ ഫയൽസ് എന്ന സിനിമയിലൂടെ വ്യക്തമാക്കുന്നത് എൺപതുകളിലും 90കളിലും കശ്മീരിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥയാണ്. എല്ലാ കശ്മീരി പണ്ഡിറ്റുകൾക്കും അവരുടെ ഭൂമിയും സ്വത്തുക്കളും തിരികെ ലഭിക്കുമെന്ന് അവിടെ അവർക്ക് താമസിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.