ജാക്കി ചാൻ ചിത്രങ്ങൾ എന്നും മലയാളിക്ക് ഒരു നൊസ്റ്റാൾജിയയാണ്. പ്രത്യേകിച്ചും തൊണ്ണൂറുകളിലെ ബാല്യം ഇന്നും ജാക്കി ചാൻ പടങ്ങൾ എന്ന് കേട്ടാൽ ഇപ്പോഴും കാണുവാൻ മുന്നിൽ നിൽക്കും. അതിനുള്ള പ്രധാന കാരണം റിയലിസ്റ്റിക് ആയിട്ടുള്ള ആക്ഷൻ രംഗങ്ങൾ തന്നെയാണ്. അത്തരത്തിൽ ഉള്ള ആക്ഷൻ രംഗങ്ങൾ എന്നാണ് മലയാളിക്ക് സ്ക്രീനിൽ കാണുവാൻ സാധിക്കുക എന്നതിനുള്ള ഉത്തരവുമായിട്ടാണ് എബ്രിഡ് ഷൈൻ ഇത്തവണ ‘കുങ് ഫു മാസ്റ്ററു’മായി എത്തിയിരിക്കുന്നത്. ആദ്യ ചിത്രമായ 1983യിൽ നൊസ്റ്റാൾജിയയുടെ അങ്ങേയറ്റമായ പാടത്തെ ക്രിക്കറ്റ് കളിയുമായി ഞെട്ടിച്ച എബ്രിഡ് ഷൈനെ പിന്നെ മലയാളികൾ കണ്ടത് റിയലിസ്റ്റിക് പോലീസ് സ്റ്റേഷൻ അനുഭവം പങ്ക് വെച്ച ആക്ഷൻ ഹീറോ ബിജുവുമായിട്ടാണ്. രണ്ടു ചിത്രങ്ങളും സൂപ്പർഹിറ്റാക്കിയ അദ്ദേഹം പൂമരത്തിലൂടെ ക്യാമ്പസ് ലൈഫും പ്രേക്ഷകർക്ക് സമ്മാനിച്ചു. ഇപ്പോഴിതാ കുങ്ഫു പ്രമേയമാക്കി മലയാളി പ്രേക്ഷകർക്ക് ഇന്നേവരെ കാണാത്ത ഇടിപ്പൂരവും സമ്മാനിച്ചിരിക്കുന്നു.
കുങ് ഫുവിലെ ഏറ്റവും ശക്തിയേറിയതും നേരിട്ടുള്ളതുമായ വിങ് ചുൻ ക്വാൻ എന്ന കുങ്ഫുവാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 1700 കളുടെ തുടക്കത്തില്‍ ഷാവൊലിന്‍ ക്ഷേത്രത്തില്‍ ഉദ്ഭവിച്ച ഈ ആയോധന കലാരൂപത്തെ ജനപ്രിയമാക്കിയത് ബ്രൂസ് ലീയുടെ ഗുരു കൂടിയായ ഇപ് മാനാണ്. ലാളിത്യമാണ് വിങ് ചുന്‍ ക്വാന്റെ ഏറ്റവും വലിയ പ്രത്യേകത. നിഗൂഢത നിറഞ്ഞ എന്നാൽ മനോഹരവുമായ ഹിമാലയൻ മലനിരകളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സഹോദരങ്ങളായ ഋഷി, ഋതു എന്നിവർ ഈ ആയോധനകലയിൽ നിപുണരാണ്. സന്തോഷത്തോടെ ജീവിച്ചു പോന്നിരുന്ന അവരുടെ ജീവിതത്തിലേക്കാണ് സൈക്കോ വില്ലൻ ലൂയിസ് ആന്റണി എത്തി ചേരുന്നത്. ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും പിന്നീടുള്ള കാഴ്ച്ചകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പുതുമുഖവും മാർഷ്യൽ ആർട്ട് വിദഗ്ധനുമായ ജിജി സ്കറിയയാണ് ഋഷിയായി എത്തിയത്. ആയോധനകലയിൽ അദ്ദേഹത്തിനുള്ള നൈപുണ്യം കഥാപാത്രത്തിന് ജീവൻ പകരുവാൻ ഏറെ സഹായകരമാണ്. കൂടെ പൂമരത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ നീത പിള്ളയുടെ ആക്ഷനും കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് മികച്ചൊരു അനുഭവം സ്വന്തമായി. മലയാളത്തിന് ആക്ഷൻ കൂടി കൈകാര്യം ചെയ്യുന്ന ഒരു നായികയെ സമ്മാനിച്ചതിന് എബ്രിഡ് ഷൈന്‍ നന്ദി. വില്ലൻ വേഷത്തിൽ എത്തിയ സനൂപ് തീർച്ചയായും ഞെട്ടിച്ചു. ഒട്ടേറെ പുതുമുഖങ്ങൾ ചിത്രത്തിന്റെ ഒരു പ്രത്യേകത കൂടിയാണ്. പക്ഷേ അഭിനയത്തിൽ അതിന്റേതായ ഒരു കുറവും ചിത്രം കാണിച്ചു തരുന്നുണ്ട്. പക്ഷേ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആ ഒരു കുറവ് നികത്തുകയും ചെയ്യുന്നു.
മേജർ രവിയുടെ മകൻ അർജുൻ രവി തന്റെ ക്യാമറ കണ്ണുകളിലൂടെ ഹിമാലയത്തിന്റെ നിഗൂഢതയും സൗന്ദര്യവും തീ പാറുന്ന ആക്ഷൻ രംഗങ്ങളും ഒപ്പിയെടുത്തിരിക്കുന്നു. ഏ ആർ റഹ്മാന്റെ ടീമിൽ പ്രോഗ്രാമർ ആയിരുന്ന ഇഷാൻ ചാബ്രയാണ് മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത്. കെ ആർ മിഥുൻ മനോഹരമായ രീതിയിൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം മികച്ചൊരു ആക്ഷൻ ത്രില്ലറാണ് സമ്മാനിച്ചിരിക്കുന്നത്. തീർച്ചയായും തീയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രം.