നീതി നിഷേധിക്കപ്പെട്ട വാളയാറിലെ രണ്ടു സഹോദരിമാരുടെ ആത്മാക്കൾക്ക് നീതി ലഭിക്കുവാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് മലയാളക്കര ഒന്നാകെ. ആ മാതാപിതാക്കളുടെ കണ്ണീർ ഇനിയും വറ്റിയിട്ടില്ല. മലയാളികൾ ഒറ്റക്കെട്ടായി ആ നീതി നിഷേധത്തിനെതിരെ പോരാടുമ്പോഴും പണവും സ്വാധീനവും പ്രതികളെ സ്വതന്ത്ര്യരാക്കിയിരിക്കുകയാണ്. പെങ്ങന്മാർക്ക് വേണ്ടി ആങ്ങളമാരുടെ വിപ്ലവപോരാട്ടം തുടങ്ങിയിരിക്കുന്നു. ആ ഒരു സമയത്താണ് കാലത്തിന് മുന്നേ സഞ്ചരിച്ച ഒരു ഹൃസ്വ ചിത്രം ഇപ്പോൾ സംസാര വിഷയമാകുന്നത്.
ശ്രീറോഷ് സംവിധാനം നിർവഹിച്ച 2017ൽ പുറത്തിറങ്ങിയ ദി ലാസ്റ്റ് സിഗ്നേച്ചർ എന്ന ഷോർട്ട് ഫിലിമാണ് വാളയാർ വിഷയത്തോട് ഏറെ സാമ്യം പുലർത്തി വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്. കൊത്തിവലിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മഹത്യയാണ് ഷോർട്ട് ഫിലിമിന്റെ പ്രമേയം. അതിന്റെ ഫോട്ടോ എടുക്കാൻ വരുന്ന ഫോട്ടോഗ്രാഫർക്ക് ശരീരത്തിന്റെ അടുത്ത് നിന്നും ഒരു ലെറ്റർ ലഭിക്കുന്നു. തീവ്രമായ വാക്കുകൾ നിറഞ്ഞ ആ കത്ത് തന്നെയാണ് ഷോർട്ട് ഫിലിമിനെ ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുള്ളതാക്കി തീർക്കുന്നത്.
ശ്രീപതി ദാമോദരൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ഷോർട്ട് ഫിലിമിൽ കത്ത് തയ്യാറാക്കിയിരിക്കുന്നത് ശീതൾ ബാലകൃഷ്ണനാണ്. സംവിധായകൻ ശ്രീറോഷ് തന്നെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് പി എയാണ്.