മലയാളികളുടെ പ്രിയപ്പെട്ട താരം നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഏറെ നാളുകൾക്ക് ശേഷം ഒരു കോമഡി ട്രാക്കിലുള്ള ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തിയപ്പോൾ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രം കാണാനായി കുടുംബ പ്രേക്ഷകരുടെ ഒഴുക്കാണ് തിയറ്ററുകളിൽ കാണാൻ സാധിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് തന്റെ ശക്തി എന്നത് നിവിൻ തന്നെ ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ്.
അത് ശരി വെക്കുന്ന തരത്തിലുള്ള കാഴ്ചകൾ ആയിരുന്നു ആലപ്പുഴ പാൻ സിനിമാസിൽ. ആരാധകർക്കും സിനിമാ പ്രേമികൾക്കുമൊപ്പം രാമചന്ദ്ര ബോസ് ആൻഡ് കോ കാണാനെത്തിയ നിവിൻ പോളിയുടെ വളരെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിവിൻ പോളിയെ തൊടണമെന്ന ആവശ്യവുമായി എത്തിയ ഒരു കുഞ്ഞിന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു കൊടുക്കുന്ന ഈ വീഡിയോ വൈറലാവുകയാണ്. ആ കുഞ്ഞിനൊപ്പം ചിരിച്ചും കളിച്ചും കുറച്ചു സമയം ചിലവഴിച്ച നിവിൻ പോളി അവിടെ വന്ന ഓരോ ആരാധകന്റെയും മനസ്സ് നിറച്ചാണ് മടങ്ങിയത്.
മലയാളി കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കുമിടയിൽ നിവിൻ പോളി എന്ന നടനും താരത്തിനുമുള്ള സ്ഥാനം വ്യക്തമാക്കി തരുന്ന ഒന്നാണ് ഇപ്പോൾ പ്രചരിക്കുന്ന ഈ വീഡിയോ. ഹനീഫ് അദേനി രചിച്ചു സംവിധാനം ചെയ്ത രാമചന്ദ്ര ബോസ് ആൻഡ് കോ ഒരു കോമഡി ഹൈസ്റ്റ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, മമിതാ ബൈജു, വിജിലേഷ്, ആർഷ ചാന്ദ്നി, ശ്രീനാഥ് എന്നിവരും വേഷമിട്ടിട്ടുണ്ട്.