തിയറ്ററുകളെ ആവേശത്തിലാഴ്ത്തി മമ്മൂട്ടി – അമൽ നീരദ് ചിത്രം ഭീഷ്മപർവ്വം പ്രദർശനം തുടരുകയാണ്. മാർച്ച് മൂന്നിന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ചിത്രത്തിലെ ഒരു രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 123 മ്യൂസിക്സിന്റെ യുട്യൂബ് ചാനലിലൂടെയാണ് മേക്കിങ്ങ് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മേക്കിങ്ങ് വീഡിയോയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഇപ്പോൾ വൈറലാണ്.
‘ഭീഷ്മയിൽ ഏറ്റവും രോമാഞ്ചം തന്ന സീനുകളിൽ ഒന്ന്, റോബോട്ടിക് ക്യാമറയ്ക്ക് മുൻപിൽ എഴുപത്കാരന്റെ കിടിലൻ ഫൈറ്റ്’, ‘സപ്തമി വർഷം ഇത് പോലെ ഒരു ഐറ്റം… അഷ്ടമി ആഘോഷിക്കുമ്പോ ഇതിന്റെ രണ്ടാം ഭാഗം ഇതിനും ബെറ്റർ ആയിട്ട് അഭിനയിച്ചു പൊലിപ്പിക്കണം… ഓരോ വർഷവും അഭിനയം അപ്ഡേറ്റ് ചെയുന്നത് മമ്മൂക്ക ആണ്’, ‘അമൽ നീരദ് പടങ്ങളിലെ ആക്ഷൻ സീക്വൻസ് ഒക്കെ വേറെ റേഞ്ച് ആണ്, പിന്നെ മമ്മൂക്ക കൂടെ ആവുമ്പോൾ രോമാഞ്ചം’ ഇങ്ങനെ പോകുന്നു യുട്യൂബിൽ റിലീസ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.
മൈക്കിൾ എന്ന കഥാപാത്രമായാണ് ഭീഷ്മപർവ്വത്തിൽ മമ്മൂട്ടി എത്തിയത്. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ മികവ് വർദ്ധിപ്പിച്ചു. ഏതായാലും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ ആക്ഷൻരംഗം റോബോട്ടിക് കാമറ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ എന്നിവരെയും ഈ വീഡിയോയിൽ കാണാം. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ കാമറ ആനന്ദ് സി ചന്ദ്രൻ ആണ്. വിവേക് ഹർഷൻ ആണ് എഡിറ്റിംഗ്. സൗബിൻ ഷാഹിർ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.