മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ്. അടുത്തിടെ റിലീസ് ആയ അദ്ദേഹത്തിന്റെ രണ്ടാമത്തെ തെലുങ്കു ചിത്രം ‘സിതാരാമം’ വൻ വിജയമാണ് തിയറ്ററുകളിൽ നേടുന്നത്. ഇതോടെ ഇന്ത്യൻ സിനിമയുടെ യുവരാജകുമാരൻ ആയി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ബോക്സ് ഓഫീസിലും തന്റെ തേരോട്ടം നടത്തുകയാണ് താരം. ഹനു രാഘവപുടി സംവിധാനം ചെയ്ത ‘സിതാരാമം’ വമ്പൻ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. പതിനഞ്ചു ദിവസം കൊണ്ട് 65 കോടിയാണ് സിതാരാമം സ്വന്തമാക്കിയത്. ആഗോള ബോക്സ് ഓഫീസ് റിപ്പോർട്ട് ആണിത്. ദുൽഖർ സൽമാൻ തന്നെയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചത്.
ഓഗസ്റ്റ് അഞ്ചിന് ആയിരുന്നു ‘സിതാരാമം’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്തത്. ദുൽഖർ സൽമാനെ കൂടാതെ മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. തെലുങ്ക് കൂടാതെ ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്ത ചിത്രം പിന്നീട് ഹിന്ദി ഭാഷയിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന് മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ജിസിസി രാജ്യങ്ങളിൽ നിന്നും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ദുൽഖർ സൽമാൻ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് മലയാളം ഉൾപ്പെടെ നാലു ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ചിത്രം ഇതുവരെ 112 കോടി രൂപയാണ് നേടിയത്.