പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിതാരാമം സിനിമ റിലീസ് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ. അതിനു മുമ്പ് പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരങ്ങൾ. കഴിഞ്ഞദിവസം വിശാഖപട്ടണത്ത് തുറന്ന വാഹനത്തിൽ എത്തിയ ദുൽഖറിനെയും സംഘത്തെയും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. രാത്രിയിൽ ആയിരുന്നു റോഡ് ഷോ. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാൻ ആരാധകരുടെ ഒരു വലിയ നിര തന്നെയാണ് എത്തിയത്. മലയാളികളുടെ പ്രിയ യുവതാരമായി മാറിയ ദുൽഖർ വലിയ ആരാധകരെയാണ് ഇവിടെയും സ്വന്തമാക്കിയിരിക്കുന്നത്.
സമീപത്തെ വേദിയിലേക്കാണ് തുറന്ന വാഹനത്തിൽ ദുൽഖർ പോയത്. റോഡ് ഷോയുടെ വീഡിയോയും ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറലാണ്. സിതാ രാമം ചിത്രത്തിൽ ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. മൃണാള്‍ താക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തില്‍ നായികമാരാവുന്നത്.
റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിൽ 1965 കാലഘട്ടത്തിൽ ഉണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.