നടൻ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ‘തീർപ്പ്’ സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 25ന് ആണ് ചിത്രം ലോകമെങ്ങുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ജിസിസി രാജ്യങ്ങളിലും യുഎഇയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചെന്നുള്ള കാർഡിനൊപ്പം ബുക്ക് മൈ ഷോയുടെ ലിങ്കും പൃഥ്വിരാജ് തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
ചിത്രത്തിൽ അബ്ദുള്ള മരക്കാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. രാം കുമാർ നായർ എന്ന കഥാപാത്രമായി വിജയ് ബാബുവും നായരായി ശ്രീകാന്ത് മുരളിയും എത്തുമ്പോൾ ബഷീർ മരക്കാർ ആയി സിദ്ദിഖും മുസ്ലിയാർ ആയി മാമുക്കോയയും എത്തുന്നു. മേനോൻ ആയി എത്തുന്നത് ഷാജു ശ്രീധർ ആണ്. കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി തിരക്കഥയെഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീർപ്പ്. ‘വിധിതീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്’, എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജിന് ഒപ്പം ഇന്ദ്രജിത്തും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സൈജു കുറുപ്പ്, ഇഷ തല്വാര്, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുരളി ഗോപി ആദ്യമായി സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. സുനിൽ കെ എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മുരളി ഗോപി തന്നെയാണ് ഗാനരചനയും സംഗീതസംവിധാനവും. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം. സമീറ സനീഷ് ആണ് കോസ്റ്റ്യൂം ഡിസൈൻ. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. അമ്പതു കോടി ക്ലബിൽ തുടർച്ചയായി ഇടം പിടിച്ച താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജ് നായകനായി എത്തിയ ജനഗണമനയും കടുവയും അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. കോവിഡ് കാലം കഴിഞ്ഞ് തിയറ്ററുകൾ സജീവമായപ്പോൾ നായകനായി എത്തിയ രണ്ടു ചിത്രവും അമ്പതു കോടി ക്ലബിൽ എത്തിച്ച താരമാണ് പൃഥ്വിരാജ്.