ലോകസിനിമയിലെ അതുല്യരായ നടിമാരെ വളരെ ശക്തമായി തന്നെ വെല്ലുവിളിച്ച് കങ്കണ റണൗട്ട് . ഈ ഗ്രഹത്തിൽ ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും നടി ട്വീറ്റ് ചെയ്തു.തന്റെ പുതിയ സിനിമകളായ തലൈവിയുടെയും ധാക്കത്തിന്റെയും ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നെക്കാൾ കഴിവില്ലെന്നും ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമാന് കങ്കണയുടെ സ്വയം പുകഴ്ത്തൽ.
ഈ ഗ്രഹത്തിലെ ഏതെങ്കിലുമൊരു നടിക്ക് എന്നേക്കാൾ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിനു ഞാൻ തയ്യാറാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്റെ അഹങ്കാരം ഞാൻ മാറ്റിവയ്ക്കാം. പക്ഷേ അതു വരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാൻ തുടരും.അഭിനയത്തിൽ ഞാൻ കാണിക്കുന്ന റേഞ്ചിൽ പ്രകടനം നടത്തുന്ന നടിമാർ ഇന്ന് ലോകത്തുണ്ടാകില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാൽ ഗഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്കാകും.
എന്നാല്‍ മെറിൽ സ്ട്രീപ്പിന്റെ അഭിനയത്തെ താരതമ്യപ്പെടുത്തിയതിൽ കങ്കണയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. അതിനും നടി മറുപടി നൽകി.എന്തിനാണ് നിങ്ങൾ വെള്ളക്കാരെ ആരാധിക്കുന്നത്. അവരുടെ സിനിമകളുടെ ബജറ്റും പ്രായ വ്യത്യാസവും മാറ്റിവയ്്ക്കാം. അവർക്ക് തലൈവിയോ ദാക്കഡോ ചെയ്യാനാകുമോ? ക്വീൻ, തനു, ഫാഷൻ, പങ്ക ഇതിലേതെങ്കിലും. ഇല്ല അവർക്കു കഴിയില്ല.’–കങ്കണ മറുപടിയായി പറഞ്ഞു.നേരത്തെ കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണയുടെ ചില ട്വീറ്റുകൾ നീക്കം ചെയ്തതിനെതിരെ ട്വിറ്ററിനെ ഇന്ത്യയിൽ നിന്നും നിരോധിക്കുമെന്ന് നടി ഭീഷണി മുഴക്കിയിരുന്നു. കങ്കണയുടെ അക്കൗണ്ടിൽ നിന്നും കർഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു കങ്കണയുടെ ട്വീറ്റ്.