കോട്ടയം: കഴിഞ്ഞദിവസം വാഹനാപകടത്തിൽ കൊല്ലപ്പെട്ട പ്രശസ്ത കലാകാരൻ കൊല്ലം സുധിയുടെ മരണത്തിന് പ്രധാനകാരണമായത് വാരിയെല്ലുകൾ തകർന്നത്. അപകടസമയത്ത് രണ്ട് എയർബാഗുകളും തുറന്നെങ്കിലും നെഞ്ച് കാറിന്റെ ഡാഷ് ബോർഡിൽ ഇടിക്കുകയായിരുന്നു. വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങളിൽ തുളച്ചു കയറിയത് മരണത്തിന് കാരണമായെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്. അപകടസമയത്ത് എയർ ബാഗുകൾ പുറത്തു വന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിൽ ഇടിക്കുകയായിരുന്നു. ഡാഷ് ബോര്‍ഡില്‍ രക്തം കെട്ടിക്കിടക്കുന്നുമുണ്ട്. രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സുധിയുടെ സംസ്കാരം ഇന്ന നടക്കും. 10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എം ഡി യുപി സ്കൂളിലും തുടർന്ന് 11ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 2 മണിക്ക് റീഫോർവേഡ് പള്ളിയുടെ തോട്ടയ്ക്കാട് പാറക്കാമല സെമിത്തേരിയിൽ നടക്കും.