2018 ല്‍ കേരളത്തെ പിടിച്ചുലച്ച പ്രളയകാലത്ത് നടന് ടൊവിനോ തോമസ് നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധനേടിയിരുന്നു. അതിന്റെ പേരില്‍ നടന് ഏറെ പരിഹാസം നേരിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം. പ്രളയസമയത്ത് താന്‍ നടത്തിയത് പിആര്‍ വര്‍ക്കുകള്‍ ആണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവെന്നും ‘പ്രളയം സ്റ്റാര്‍’ എന്ന് പോലും പലരും വിളിച്ചിരുന്നുവെന്നും താരം പറയുന്നു. അത്തരം ട്രോളുകളും വിമര്‍ശനങ്ങളും ഏറെ വേദനിപ്പിച്ചു എന്നും ടൊവിനോ പറഞ്ഞു. ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താല്‍ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ കരുതിയിരുന്നത്. ചാവാന്‍ നില്ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ തനിക്കുണ്ടായിരുന്നില്ല, എല്ലാവര്‍ക്കുമുള്ള പേടിയും ആശങ്കയുമാണ് തനിക്കുമുണ്ടായിരുന്നതെന്നും ടൊവിനോ പറഞ്ഞു. പ്രളയസമയത്ത് തന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എന്നാല്‍ കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്ന് നടന് ഓര്‍ക്കുന്നു.
പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോള്‍ വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്നിക്കല്‍ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും നടന് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 21നാണ് ജൂഡ് ആന്റണിയുടെ 2018 റിലീസ് ചെയ്യുന്നത്. ടൊവിനോയ്ക്ക് പുറമേ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.