പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം സിതാരാമം സിനിമയിലെ പുതിയ ഗാനം പുറത്തെത്തി. സോണി മ്യൂസികിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ‘തിരികെ വാ’ എന്ന ഗാനം ചിത്രത്തിലെ മറ്റൊരു മൂഡ് തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടു തന്നെ പ്രണയത്തിനും ഫീൽ ഗുഡിനും അപ്പുറം സിതാരാമം മറ്റെന്തൊക്കേയോ പ്രേക്ഷകർക്കായി കരുതിവെച്ചിട്ടുണ്ടെന്ന് ഈ ഗാനത്തിൽ വ്യക്തമാണ്.
‘തിരികെ വാ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. വിശാൽ ചന്ദ്രശേഖർ ആണ് കംപോസർ. കപിൽ കപിലൻ, ആൻ ആമി വാഴപ്പിള്ളി എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. ശോകമൂകമായ ഒരു അന്തരീക്ഷമാണ് ‘തിരികെ വാ’ എന്ന ഗാനത്തിൽ ഉൾക്കൊള്ളുന്നത്. പാട്ടിൽ റാമിന്റെയും സിതയുടെയും വിരഹവേദനയാണ് കാണിക്കുന്നതെന്നാണ് സൂചനകൾ. ചിത്രത്തിൽ അഫ്രീന എന്ന കഥാപാത്രമായി എത്തുന്ന രശ്മിക മന്ദാനയെയും ചിത്രത്തിൽ കാണാം.
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ‘സിതാരാമം’ തെലുങ്കിനു പുറമേ തമിഴിലും മലയാളത്തിലും റിലീസ് ചെയ്യും. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത്. ചിത്രം നിര്‍മിക്കുന്നത് സ്വപ്ന സിനിമയാണ്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ജമ്മു കശ്മീരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. കോസ്റ്റ്യൂംസ് – ശീതള്‍ ശര്‍മ.