നടൻ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ഹൊറർ ചിത്രമായാണ് ഭ്രമയുഗം എത്തുന്നത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ എത്തുന്ന ചിത്രത്തിന്റെ ബജറ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയം. പരീക്ഷണ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റിൽ ആയിരുന്നു എത്തിയിരുന്നത്.
കഴിഞ്ഞദിവസങ്ങളിൽ ചിത്രത്തിന്റെ മുതൽ മുടക്കിനെക്കുറിച്ച് പല വിധത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. ചിത്രം ബ്ലാക്ക് ആൻഡ് വെറ്റിൽ എത്തുന്നതു കൊണ്ട് വലിയ ചിലവ് വന്നിട്ടില്ലെന്നും 12 വെള്ളമുണ്ടുകളുടെ ചെലവ മാത്രമേ ഉള്ളൂവെന്ന് ആയിരുന്നു ചിലർ തമാശരൂപേണ പറഞ്ഞത്. എന്നാൽ, 20 കോടി മുതൽ 35 കോടി രൂപ വരെ ആയെന്ന് മറ്റ് ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.
ഇത്തരമൊരു പോസ്റ്റിനു താഴെ സിനിമയ്ക്ക് എത്ര തുകയായി എന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് നിർമാതാക്കളിൽ ഒരാളായ ചക്രവർത്തി രാമചന്ദ്ര. 27.73 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിവരുന്ന തുക കൂടാതെയുള്ള കണക്കാണ് ഇതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് സിനിമാ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ പ്രൊഡക്ഷനാണ് ഭ്രമയുഗം.