സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന, ഒരു തരി കനൽ ഒരു കാട്ടുതീക്ക് വഴിയൊരുക്കുന്ന തുറമുഖകാഴ്ചകൾക്ക് തുടക്കമിട്ട് നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന്റെ ടീസർ പുറത്തിറങ്ങി. രാജീവ് രവിയുടെ സംവിധാനം നിർവഹിക്കുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുറമുഖത്തിൽ നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്,നിമിഷ സജയൻ, അര്ജുൻ അശോകൻ, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആര് ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന സമയത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി ആളുകൾ അടി കൂടുകയും നാടെങ്ങും അക്രമം നിറയുകയും ചെയ്യുന്നു. പിന്നീട് 1940കളിലേക്ക് നീങ്ങുന്ന കഥയിൽ ഏറെ വളർന്ന തുറമുഖം കോണ്‍ട്രാക്ടർമാരെ കൊണ്ടും കുറ്റവാളികൾ, രാഷ്ട്രീയക്കാർ എന്നിവരെ കൊണ്ടും നിറയുന്നു. തൊഴിലാളി നേതാക്കന്മാർ ഷിപ്പിംഗ് കമ്പനികളുമായി ചങ്ങാത്തത്തിൽ ആകുകയും സാധാരണക്കാരൻ പണിയെടുക്കുവാൻ ബുദ്ധിമുട്ടുകയും ചെയ്യുന്നു. തുറമുഖം പറയുന്നത് അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും ഒരു സഹോദരിയും അടങ്ങിയ ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെ കഥയാണ്. നന്മക്കും തിന്മക്കും ഇടയിൽ, ദുരിതത്തിനും വീരപരിവേഷമാർന്ന ചേർത്തുനിൽപ്പിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽപ്പെട്ട രണ്ടു തലമുറകളുടെ കഥ.