രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ മെയ്ദിന പ്രത്യേക പോസ്റ്റര്‍ റിലീസായി. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’.ബോക്സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തില്‍ വന്‍ താര നിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.
വലിയ ഇടവേളക്ക് ശേഷം ആഷിഖ് അബു ചിത്രം വൈറസിലൂടെ അഭിനയ രംഗത്ത് തിരിച്ചുവരവ് നടത്തുകയാണ് പൂര്‍ണ്ണിമ. 2020 ജൂണ്‍ മാസത്തിനു മുന്‍പ് ഷൂട്ടിംഗ് അവസാനിപ്പിച്ച് ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് കാരണം റിലീസ് നീണ്ടു. ഈദ് റിലീസായി മെയ് 13നാണ് പുതിയ തിയതി പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഈ തിയതിയും നീളാന്‍ സാധ്യതയുണ്ട്.
അമ്പതാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തുറമുഖവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീന്‍ മത്സരവിഭാഗത്തിലേക്കാണ് തുറമുഖം എത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്. ഗോപന് ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.