പ്രതിസന്ധികള്‍ തരണം ചെയ്ത് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. നിവിന്‍ പോളി കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം മലൈക്കോട്ടൈ വാലിബന്റെ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് നടന് മണികണ്ഠന് ആചാരി. ചിത്രത്തില്‍ അവസരം നല്‍കിയതിന് രാജീവ് രവിക്ക് മണികണ്ഠന് നന്ദി പറയുകയും ചെയ്തു.
നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം മാര്‍ച്ച് പത്തിനാണ് തീയറ്ററുകളില്‍ എത്തിയത്. സാമ്പത്തിക കുരുക്കില്‍പ്പെട്ട ചിത്രം ലിസ്റ്റിന് സ്റ്റീഫന്‍ ഏറ്റെടുക്കുകയായിരുന്നു. ഗോപന് ചിദംബരന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ദര്‍ശന രാജേന്ദ്രന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി. അജിത്കുമാര്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. കലാസംവിധാനം- ഗോകുല്‍ ദാസ്, സംഗീതം – ഷഹബാസ് അമന്, ഡിസൈന്‍- ഓള്ഡ്മങ്ക്സ്, ഡിസ്ട്രിബൂഷന്‍ ലീഡ്- ബബിന്‍ ബാബു, ഓണ്‍ലൈന്‍ പ്രൊമോഷന്- അനൂപ് സുന്ദരന്‍, പിആര്‍ഒ- എ എസ് ദിനേശ്, ആതിര, മാര്‍ക്കറ്റിങ് പ്ലാന്‍ ബിനു ബ്രിങ്ഫോര്‍ത്ത്.