പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് നാളെ പുറത്തിറങ്ങും. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങുക. ചിത്രത്തിലെ നടീ, നടന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തമിഴില്‍ അന്തോളജി വിഭാഗത്തില്‍പ്പെട്ട നവരസയാണ് പ്രിയദര്‍ശന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മരക്കാര്‍ അറബിക്കടലിലെ സിംഹമാണ് പ്രിയദര്ശന് മലയാളത്തില്‍ ഒരുക്കിയ അവസാന ചിത്രം. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമായി ഒരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സിദ്ദിഖ്, പ്രഭു, അര്ജുന് സര്‍ജ, കീര്‍ത്തി സുരേഷ്, നെടുമുടി വേണു, മഞ്ജു വാര്യര്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.
പ്രമുഖ എഴുത്തുകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് ആദരമറിയിച്ച് ഒരുങ്ങുന്ന ആന്തോളജി സീരിസില്‍ ഓളവും തീരവും അണിയിച്ചൊരുക്കുന്നത് പ്രിയദര്‍ശനാണ്. മോഹന്‍ലാലും ദുര്‍ഗ കൃഷ്ണയുമാണ് ഇതില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.