ദുല്‍ഖര്‍ സല്മാന് നിര്‍മിക്കുന്ന പ്യാലി എന്ന ചിത്രത്തിലെ ടൈറ്റില്‍ സോംഗ് പുറത്തിറക്കി.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പ്രശാന്ത് പിള്ള ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ഹരിശങ്കറാണ്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനല്‍വഴിയാണ് ഗാനം പുറത്തുവിട്ടത്.
ജൂലൈ എട്ടിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എന്‍.എഫ് വര്‍ഗീസ് പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബബിതയും റിനുവും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരുമാണ്. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയുമാണ് സിനിമയുടെ പ്രമേയം. അഞ്ച് വയസ്സുകാരി പ്യാലിയുടെയും അവളുടെ എല്ലാമെല്ലാമായ സിയയുടെയും ലോകമാണ് സിനിമ. സിനിമയുടെ ടീസര്‍ ദുല്‍ഖര്‍ സല്മാന് നേരത്തെ യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. മികച്ച ബാലതാരത്തിനും കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്യാലിക്കായിരുന്നു.