യുവനടൻ ടോവിനോ തോമസിനെ നായകനാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമായ വഴക്ക് ഐ എഫ് എഫ് കെയിലേക്ക്. ഇരുപത്തിയേഴാമത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ടോവിനോ തോമസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്.
ടോവിനോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കനി കുസൃതിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസും പാരറ്റ് മൗണ്ട് പിക്ചേഴ്സും ചേർന്നാണ് സിനിമയുടെ നിർമാണം. സുദേവ് നായരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കോവിഡ് സമയത്ത് കുറഞ്ഞ ചെലവിലാണ് സിനിമ ചിത്രീകരിച്ചത്.
തന്റെ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് സാമൂഹ്യപ്രമേയമുള്ള വിഷയമാണെന്ന് സനൽ കുമാർ ശശിധരൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ റാന്നി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ആയിരുന്നു.