അജിത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് തുനിവ്. മഞ്ജുവാര്യരാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അജിത്തും മഞ്ജു വാര്യരും മാസ് പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. തുനിവിലൂടെ തെന്നിന്ത്യയില്‍ മാസ് എന്‍ട്രിയാണ് മഞ്ജു വാര്യര്‍ നടത്തിയിരിക്കുന്നത്.
ബാങ്ക് കവര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് തുനിവിന്റെ കഥ പുരോഗമിക്കുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ, വാലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്. ചിത്രത്തില്‍ കണ്മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളിലായിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.
വീര, സമുദ്രക്കനി, ജോണ്‍ കോക്കെന്, തെലുങ്ക് താരം അജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിജയ് വേലുക്കുട്ടി എഡിറ്റിംഗും സുപ്രീം സുന്ദര്‍ സ്റ്റണ്ടും കൈകാര്യം ചെയ്തിരിക്കുന്നു.