പിസ, ജിഗര്‍തണ്ട, ഇരൈവി, മഹാന്, പേട്ട, ജഗമേതന്ദിരം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകന് കാര്‍ത്തിക് സുബ്ബരാജ് നിര്‍മിക്കുന്ന അറ്റന്ഷന് പ്ലീസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ജിതിന് ഐസക് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുറിയില്‍ കുറച്ചുപേര്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങള്‍ ത്രില്ലിംഗില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രം.
ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയില്‍ പ്ര. തൂ. മു എന്ന സിനിമയൊരുക്കി ശ്രദ്ധേയനായ ആളാണ് ജിതിന്. സ്റ്റോണ്‍ ബെഞ്ച് ഫിലിംസ് ആന്‍ഡ് ഒറിജിനല്‍സ് എന്ന പ്രൊഡക്ഷന്‍ ഹൗസ് വഴിയാണ് കാര്‍ത്തിക് ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു ഗോവിന്ദ്, ശ്രീജിത്ത് ബി, ആനന്ദ് മന്മഥന്, ജോബിന് പോള്‍, ജിക്കി പോള്‍, ആതിര കല്ലിങ്ങല്‍ തുടങ്ങിയവരാണ് അറ്റന്ഷന് പ്ലീസില്‍ അഭിനയിച്ചിരിക്കുന്നത്.
രോഹിത് വിഎസ് വാരിയത്ത് ആണ് എഡിറ്റിംഗ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് അരുണ്‍ വിജയ് ആണ്. അഭിലാഷ് ടി ബി, ഫെബിന് വില്‍സണ്‍, അശോക് നാരായണന് എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്. ഓഗസ്റ്റ് 26ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.