സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മോണ്‍സ്റ്ററിന്റെ ട്രെയിലര്‍. രണ്ട് ദിവസംകൊണ്ട് ഇരുപത് ലക്ഷത്തിലധികം പേരാണ് മോണ്‍സ്റ്ററിന്റെ ട്രെയിലര്‍ കണ്ടത്. ഞായറാഴ്ച യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതുവരെ കണ്ടത് 20,30,349 പേരാണ്. യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് മോണ്‍സ്റ്ററിന്റെ ട്രെയിലര്‍.
പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ലക്കി സിംഗായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. പ്രശസ്ത തെലുങ്ക് നടന് മോഹന്‍ ബാബുവിന്റെ മകളായ ലക്ഷ്മി മാന്ചുവാണ് ചിത്രത്തില്‍ നായിക. ലെന, സിദ്ദിഖ്, കെ. ബി ഗണേഷ്കുമാര്, സുദേവ് നായര്‍, ഹണി റോസ്, ബേബി കുക്കു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന പഞ്ചാബിയായ അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും സമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മധു വാസുദേവന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരുന്നു. ഷാജി നടുവിലാണ് ആര്‍ട്ട് ഡയറക്ടര്‍. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍. സിദ്ദു പനയ്ക്കലിനും സജി ജോസഫിനുമാണ് പ്രൊഡക്ഷന്റെ ചുമതല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്.