ഖത്തർ ഫുട്ബോൾ ലോകകപ്പിന് ആശംസകളുമായി നടൻ മോഹൻലാൽ. ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഫുട്ബോളിനോടുള്ള കേരളത്തിന്റെ സ്നേഹം അറിയിക്കുന്ന ട്രിബ്യൂട്ട് സോംഗ് മോഹൻലാൽ പുറത്തിറക്കി. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ പാട്ടിൽ മലപ്പുറത്തിന്റെ ഫുട്ബോളിനോടുള്ള അടങ്ങാത്ത ആവേശവും സെവൻസും ഒക്കെയാണ് വിഷയമായിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. കൃഷ്ണദാസ് പങ്കിയുടെ വരികൾക്ക് ഹെഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചിരിക്കുന്ന വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ് കുമാർ ആണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, സൌണ്ട് ഡിസൈനര്‍ പി സി വിഷ്ണു, നൃത്തസംവിധാനം ബൃന്ദ, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ അജയ്.
മലപ്പുറത്തെ മണ്ണിൽ നിന്ന് ഖത്തർ വേൾഡ് കപ്പിലേക്ക് എത്തുന്നതു പോലെയാണ് പാട്ടിന്റെ ദൃശ്യാഖ്യാനം. പാട്ട് തുടങ്ങുന്നതിന് മുമ്പ് മലപ്പുറത്തിന്റെ ഫുട്ബോൾ പ്രണയത്തെക്കുറിച്ച് മോഹൻലാൽ പറയുകയാണ്. അതിനു ശേഷമാണ് പാട്ടെത്തുന്നത്. പാട്ട് പാടുന്നത് മാത്രമല്ല പാട്ടിനൊപ്പം മോഹൻലാൽ ക്യാമറയ്ക്ക് മുന്നിലേക്കും എത്തുന്നുണ്ട്. പാട്ട് തുടങ്ങുന്നതിനു മുമ്പും പാട്ട് അവസാനിച്ചതിനു ശേഷവും ബാറോസ് സിനിമയുടെ പോസ്റ്റർ കാണിക്കുന്നുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബാറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ് നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.