വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാർ ആയി എത്തുന്നത് മൂന്ന് തെന്നിന്ത്യൻ താരസുന്ദരികൾ. തൃഷ, സാമന്ത എന്നിവർക്കൊപ്പം കീർത്തി സുരേഷും ദളപതി 67ൽ നായികയായി എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ ചിത്രത്തിൽ സാമന്തയും തൃഷയും നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് കീർത്തി സുരേഷും ഇപ്പോൾ സിനിമയിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകൾ എത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കീർത്തി സുരേഷ് ഈ ചിത്രത്തിന്റെ ഭാഗമാകുകയാണെങ്കിൽ വിജയിക്ക് ഒപ്പമുള്ള കീർത്തിയുടെ മൂന്നാമത്തെ സിനിമയായിരിക്കും ദളപതി 67. ‘ഭൈരവ’, ‘സര്‍ക്കാര്‍’ എന്നീ സിനിമകളിലാണ് ഇരുവരും ഇതിനു മുമ്പ്ഒരുമിച്ച് എത്തിയത്. റിപ്പോർട്ടുകൾ അനുസരിച്ച് വിജയിയുടെ ഭാര്യ കഥാപാത്രത്തെ ആയിരിക്കും തൃഷ അവതരിപ്പിക്കുക. 14 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
2008 ല്‍ പുറത്തിറങ്ങിയ ‘കുരുവി’യാണ് ഇരുവരും ഒന്നിച്ച അവസാന സിനിമ. ‘ഗില്ലി’, ‘തിരുപ്പാച്ചി’,’ആദി’ എന്നീ സിനിമകളും വലിയ ഹിറ്റായിരുന്നു. അതേസമയം, പുതിയ ചിത്രത്തില്‍ പ്രതിനായിക ആയിരിക്കും സാമന്ത എന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വേഷത്തിലാകും നടി എത്തുക. കത്തി, തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങളിലും വിജയ്ക്കൊപ്പം സാമന്ത എത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറോ സാം സി എസോ ആയിരിക്കും സംഗീത സംവിധാനം. ആക്ഷന്‍ പ്രാധാന്യം നല്കുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും ദളപതി 67.