മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രമാണ് ലൂസിഫര്‍. വന്‍ വിജയം കൊയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഗോഡ്ഫാദര് ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരുന്നു. ഒരു ദിവസം കൊണ്ട് മൂന്ന് മില്യണിലധികം കാഴ്ചക്കാരുമായി ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ മറ്റൊരു ട്രോള്‍ കൂടി വൈറലാവുകയാണ്. ലൂസിഫറിലെ മോഹന്‍ലാലിന്റെ കാല് കൊണ്ടുള്ള മാസ് കിക്ക് സീനും അതേ ചിരഞ്ജീവിയുടെ സീനും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടാണ് പുതിയ ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
\കിക്ക് സീന്‍ ലാലേട്ടന്റെ അത്രയും പെര്‍ഫക്ടായി ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് വരുന്ന പ്രതികണങ്ങള്‍. ‘ഉന്നാലെ മുടിയാത് തമ്പി’ ,’ചെലരുടേത് ശരി ആകും എന്റെ എന്തായാലും ശരി ആയില്ല’, ‘മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ, നമിക്കുന്നു ലാലേട്ടന്’ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് ഗ്യാങ്സ്റ്റര്‍ കഥാപാത്രത്തിന്റെ റോളില്‍ എത്തിയ സല്മാന് ഖാനും ട്രോളുകള്‍ ഏറ്റുവാങ്ങുന്നുണ്ട്.
മോഹന്‍രാജയാണ് ഗോഡ്ഫാദര് സംവിധാനം ചെയ്യുന്നത്. മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. ലൂസിഫറില്‍ മഞ്ജു വാര്യര്‍ മോഹന്‍ലാലിന്റെ സഹോദരി കഥാപാത്രമാണെങ്കില്‍ ഗോഡ്ഫാദറില് നയന്‍താര ചിരഞ്ജീവിയുടെ നായികയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.