മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപി നായകനായി എത്തിയ ചിത്രം ‘പാപ്പൻ’ ജൂലൈ 29നാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു അത്. മികച്ച ഓപ്പണിങ്ങ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. സുരേഷ് ഗോപിക്ക് ഒപ്പം അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചിരുന്നു.
ചിത്രം റിലീസ് ആയി ദിവസങ്ങൾ കഴിയുമ്പോൾ പാപ്പൻ സിനിമയുടെ 50 കോടി പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടൊവിനോ ചിത്രം തല്ലുമാലയും കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് എന്ന ചിത്രവും തിയറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലും പാപ്പൻ പ്രദർശനം തിയറ്ററുകളിൽ തുടർന്നു.
പാപ്പൻ തിയറ്ററിൽ പ്രദർശനം അവസാനിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് 50 കോടി പോസ്റ്റർ എത്തുന്നത്. അതുകൊണ്ടു തന്നെ ഈ ഘട്ടത്തിൽ ഇത്തരത്തിൽ ഒരു പോസ്റ്റർ വേണ്ടിയിരുന്നില്ല എന്നാണ് സോഷ്യൽമീഡിയ പറയുന്നത്. ഇതിപ്പോ പതിവായല്ലോയെന്നും 50 കോടി കിട്ടി എന്ന പോസ്റ്റർ ഇറക്കുന്നത് കൊണ്ട് അണിയറപ്രവർത്തകർ എന്താണ് ഉദ്ദേശിക്കുന്നത് എന്നുമാണ് ഒരാളുടെ കമന്റ്. നേരത്തെ, ന്നാ താൻ കേസ് കൊട് ചിത്രം 25 കോടി പോസ്റ്റർ പുറത്തിറക്കിയപ്പോഴും ഇത്തരത്തിൽ ട്രോളുകൾ വന്നിരുന്നു. ഇത്തരത്തിൽ കോടി കണക്ക് പറയുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും ചിത്രം നല്ലതാണോ മോശമാണോ എന്ന് മാത്രമാണ് പ്രേക്ഷകർക്ക് അറിയേണ്ടതെന്നും ആളുകൾ പറയുന്നു.