വിജയിയെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ബീസ്റ്റ്. വന്‍ഹൈപ്പോടെ തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറായെത്തിയ ചിത്രം വിജയ് ആരാധകരെ പോലും നിരാശപ്പെടുത്തിയിരുന്നു.
ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസ് ചെയ്തത്. അതിന് ശേഷം ചിത്രത്തെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. വിജയ് അവതരിപ്പിച്ച വീരരാഘവന് എന്ന കഥാപാത്രം തീവ്രവാദികളെ നിസാരമായി പറ്റിക്കുന്നതും ക്ലൈമാക്സിലെ ഫൈറ്റര്‍ ജെറ്റ് ഫൈറ്റുമൊക്കെയാണ് കൂടുതലും ട്രോളുകളില്‍ നിറയുന്നത്. ഷൈന്‍ ടോം ചാക്കോയെ വിജയ് തൂക്കിയെടുത്ത് നടക്കുന്ന രംഗങ്ങളെവച്ചും ട്രോളുകള്‍ നിരവധിയാണ്.
ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികള്‍ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളില്‍ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ കാണിക്കുന്നത്. പൂജ ഹെഗ്ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിച്ചത്.